നിയമലംഘകർക്ക് ഇനി ദുബായ് വിടാൻ ബോർഡിങ് പാസ് ജയിലിൽ കിട്ടും

17

താമസ -കുടിയേറ്റ നിയമലംഘകർക്ക് രാജ്യം വിടാൻ വിമാനത്താവളത്തിലെത്തും മുൻപ് ബോർഡിങ് പാസ് ജയിലിൽ തന്നെ നൽകുമെന്ന് ദുബായ് എമിഗ്രേഷൻ (ജിഡിആർഎഫ്) തലവൻ മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മറി അറിയിച്ചു. സംവിധാനം അടുത്ത വർഷം പ്രാബല്യത്തിൽ വരും.

ഡനാറ്റയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത് രാജ്യത്തെ പ്രവേശന-താമസ നിയമങ്ങൾ ലംഘിച്ചു അനധികൃതമായി താമസിച്ചവരെയാണ് തങ്ങളുടെ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നതെന്ന് ഇത്തരത്തിലുള്ള കേസുകൾ കൈകാര്യം ചെയ്യുന്ന വകുപ്പ് തലവൻ ബ്രി. ജനറൽ ഖലഫ് അൽ ഗൈത്ത്‌ പറഞ്ഞു. കേസുകൾ കൈകാര്യം ചെയ്യാൻ ഡനാറ്റയുടെ ബോർഡിങ് പാസ്സ് കൗണ്ടറും തടങ്കൽ കേന്ദ്രത്തിൽ തുറക്കും.

ലോകത്ത്‌ ആദ്യമായാണ് ഒരു താമസ കുടിയേറ്റ വകുപ്പ് റസിഡൻസി നിയമം ലംഘിക്കുന്നവർക്ക് അവരുടെ രാജ്യത്തേയ്ക്ക് പോകാൻ തടങ്കൽ കേന്ദ്രത്തിൽ നിന്ന് യാത്രാ നടപടികൾ പൂർത്തിയാക്കി നൽകുന്നത്. ഇതനുസരിച്ച് തടവുകാരുടെ ലഗേജുകൾ മുൻകൂട്ടി തന്നെ വിമാനത്താവളത്തിലേയ്ക്ക് അയയ്ക്കും.
അടുത്ത വർഷം നടക്കുന്ന എക്സ്പോയ്ക്ക് മുൻപ് തന്നെ പദ്ധതി നടപ്പാക്കുമെന്ന് അൽ മറി അറിയിച്ചു.
പ്രവേശന, താമസ നിയമം ലംഘിക്കുന്നവർക്കുള്ള യാത്രാനടപടികൾ ഏറ്റവും വേഗത്തിലും മികച്ച രീതിയിലും പൂർത്തികരിക്കാനാണ് വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്.
പുതിയ നടപടി മൂലം കാലതാമസമില്ലാതെ തടവുകാർക്ക് ഏറ്റവും വേഗത്തിൽ രാജ്യം വിടാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.