ദുബൈ കെഎംസിസി 48-ാം യുഎഇ ദേശീയ ദിന,  കെഎംസിസി 45-ാം വാര്‍ഷികാഘോഷ പരിപാടികള്‍  ഡിസം.13ന്

13
ദുബൈ: ദുബൈ കെഎംസിസി ആഭിമുഖ്യത്തില്‍ 48-ാം യുഎഇ ദേശീയ ദിന, കെഎംസിസി 45-ാം വാര്‍ഷിക ആഘോഷ പരിപാടികള്‍ ഡിസംബര്‍ 13ന് വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ ജദ്ദാഫിലെ പൊലീസ് ക്‌ളബ് സ്‌റ്റേഡിയത്തില്‍ വിപുലമായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അല്‍ബറാഹ കെഎംസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷങ്ങളിലെ പരിപാടികളെക്കാള്‍ കൂടുതല്‍ വിപുലമായാണ് ഇത്തവണ ആഘോഷം ഒരുക്കുന്നത്. സഹിഷ്ണുതാ വര്‍ഷ ഭാഗമായി പ്രത്യേക പരിപാടികള്‍ ഇക്കുറിയുണ്ടാകും. കെഎംസിസിയുടെ 45-ാം വാര്‍ഷികം കൂടിയായതിനാല്‍ ആഘോഷത്തിന് പൊലിമ കൂടും. ഇന്ത്യക്കാരും ഇമാറാത്തികളുമായ പ്രമുഖ വ്യക്തിത്വങ്ങളെ ചടങ്ങില്‍ ആദരിക്കും. കൂടുതല്‍ ആളുകള്‍ക്ക് സൗകര്യപ്പെടുന്നതിനായാണ് ഈ വര്‍ഷം ജദ്ദാഫ് പൊലീസ് ക്‌ളബ് സ്‌റ്റേഡിയത്തില്‍ പുതിയ വേദി സജ്ജമാക്കുന്നത്. ജദ്ദാഫ് വാഫി സിറ്റിക്ക് എതിര്‍വശം, ലത്തീഫ ഹോസ്പിറ്റലിന് പിറകിലായാണ് പൊലീസ് ക്‌ളബ് സ്‌റ്റേഡിയം സ്ഥിതി ചെയ്യുന്നത്. മെട്രോ സ്‌റ്റേഷന്‍ സമീപത്തായതിനാല്‍ ഇവിടേക്ക് ആളുകള്‍ക്ക് എത്താന്‍ സൗകര്യമുണ്ട്. കൂടാതെ, ബസ് സൗകര്യവും ഏര്‍പ്പെടുത്തും.
ഇന്ത്യയില്‍ നിന്നും യുഎഇയില്‍ നിന്നും മന്ത്രിമാര്‍, എംപിമാര്‍, വിവിധ ഗവണ്‍മെന്റ് ഡിപാര്‍ട്‌മെന്റ് തലവന്മാര്‍, വ്യവസായ-സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ള വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.
യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് കലാ-സാംസ്‌കാരിക പരിപാടികള്‍ ഇതിനകം നടന്നു വരുന്നതായി ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ അറിയിച്ചു. കായികോല്‍സവത്തിന് ഇന്ന് തുടക്കം കുറിക്കും. വനിതാ സമ്മേളനം പ്രത്യേകമായി തന്നെ ഒരുക്കും. രക്തദാന പരിപാടി ഈ മാസം 27ന് നായിഫ് പൊലീസ് സ്‌റ്റേഷന്‍ പരിസരത്ത് നടക്കും. 29ന് കലോത്സവത്തിന് തുടക്കമാകും. 30ന് രക്തസാക്ഷി ദിനമാചരിക്കും. അന്ന് ചിത്രപ്രദര്‍ശനവുമുണ്ടായിരിക്കും. ഡിസംബര്‍ 6ന് തലമുറ സംഗമവും കാമ്പസ് മീറ്റും നടക്കും. കെഫ് ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ ഫൈസല്‍ കോട്ടിക്കൊള്ളോന്‍ നേതൃത്വം നല്‍കുന്ന ബിസിനസ് മോട്ടിവേഷന്‍ ക്‌ളാസ് ഉടന്‍ സംഘടിപ്പിക്കുന്നതാണ്. ദേശീയ ദിന റാലിയും നടത്തും.
പ്രവാസ ലോകത്തെ ഏറ്റവും വലിയ പ്രസ്ഥാനമായ കെഎംസിസി സാമൂഹിക പ്രസക്തവും സാംസ്‌കാരിക-പൈതൃക പ്രാധാന്യമുള്ളതുമായ നിരവധി പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. ദുബൈ മുനിസിപ്പാലിറ്റി ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തി വരുന്ന ക്‌ളീനപ് ദി വേള്‍ഡ് ശുചീകരണ യജ്ഞത്തില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിച്ച് ദുബൈ കെഎംസിസി അതിന്റെ പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചു. എണ്ണമറ്റ ജീവകാരുണ്യ-ആതുര ശുശ്രൂഷാ-വിദ്യാഭ്യാസ-നിയമ സംരംഭങ്ങളും പ്രവര്‍ത്തനങ്ങളും സംഘടന നിരന്തരം നിര്‍വഹിച്ചു വരുന്നു.
ദുബൈ കെഎംസിസി ജന.സെക്രട്ടറി മുസ്തഫ വേങ്ങര, ട്രഷറര്‍ പി.കെ ഇസ്മായില്‍, സീനിയര്‍ വൈസ് പ്രസിഡന്റ് എം.സി ഹുസൈനാര്‍ ഹാജി, ഓര്‍ഗ.സെക്രട്ടറി ഹംസ തൊട്ടി എന്നിവരും; ഏഷ്യാവിഷന്‍ മാനേജിംഗ് ഡയറക്ടര്‍ നിസാര്‍ സഈദ്, ദുബൈ കെഎംസിസിയുടെ മറ്റു ഭാരവാഹികളായ ഒ.കെ ഇബ്രാഹിം, എന്‍.കെ ഇബ്രാഹിം, റഈസ് തലശ്ശേരി, നിസാമുദ്ദീന്‍ കൊല്ലം, അഡ്വ. ഇബ്രാഹിം ഖലീല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
ഫോട്ടോ:
ദുബൈ കെഎംസിസി ഡിസംബര്‍ 13ന് ജദ്ദാഫ് പൊലീസ് ക്‌ളബ് സ്‌റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന 48-ാം യുഎഇ ദേശീയ ദിന, കെഎംസിസി 45-ാം വാര്‍ഷികാഘോഷ പരിപാടികളെ കുറിച്ച് ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കുന്നു. മുസ്തഫ വേങ്ങര, പി.കെ ഇസ്മായില്‍, എം.സി ഹുസൈനാര്‍ ഹാജി, ഹംസ തൊട്ടി, ഒ.കെ ഇബ്രാഹിം, നിസാര്‍ സഈദ് സമീപം