ന്യൂഡല്‍ഹി: ചെന്നൈ ഐ.ഐ.ടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവം ലോക്സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടിറി പി.കെ കുഞ്ഞാലിക്കുട്ടി. ഈ ആവശ്യമുന്നയിച്ച് ലോകസഭ സെക്രട്ടറിക്ക് കുഞ്ഞാലിക്കുട്ടി നോട്ടീസ് നല്കി. വിഷയം അതീവ ഗൗരവമുള്ളതാണെന്നും വിദ്യാര്‍ത്ഥിനി തന്റെ ആത്മഹത്യ കുറിപ്പില്‍ അദ്ധ്യാപകനാണ് തന്റെ മരണത്തിനുത്തരവാദിയെന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ഗൗരവം വര്ധിപ്പിക്കന്നുണ്ട്. ഇതാദ്യമായല്ല ഐ.ഐ.ടി.യില്‍ വിദ്യാര്‍ത്ഥികള്‍ മരണപ്പെടുന്നത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ ഐ.ഐ.ടി.യില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ മരണപ്പെട്ടിട്ടുണ്ട്.
സാമൂഹിക മാറ്റത്തിന്റെ വക്താക്കളാവേണ്ടവരായ അധ്യാപകരുടെ ഭാഗത്ത് നിന്ന് ജാതീയവും,വര്‍ഗീയവുമായ വിവേചനമുണ്ടാകുന്നത് അംഗീകരിക്കാനാവില്ല. പോലിസ് ഉദ്യോഗസ്ഥരും ഐ.ഐ.ടി അധികൃതരും കുറ്റകരമായ നിസ്സംഗതയാണ് വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.