ന്യൂഡല്‍ഹി: സ്കൂള്‍ കാന്റീനുകളിലും പരിസരത്തും ജങ്ക് ഫുഡ് വില്പനയ്ക്ക് നിരോധനമേര്‍പ്പെടുത്തി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേര്‍ഡ്സ് അതോറിറ്റിയുടെ ഉത്തരവ്. ഡിസംബര്‍ ഒന്ന് മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. സ്കൂള്‍ വിദ്യാര്‍ഥികളിലെ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ നിയന്ത്രിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് റെഗുലേഷന്‍സ്-2019 പ്രകാരമാണ് ഉത്തരവ്.
സ്കൂള്‍ കാമ്പസുകളില്‍ നിന്ന് 50 മീറ്റര്‍ പരിധിക്കുള്ളില്‍ ജങ്ക് ഫുഡ് വില്പന നടത്തരുത്. കായികമേളകളിലും ഇത്തരം ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കാനോ പരസ്യം ചെയ്യാനോ സാമ്പിളുകള്‍ നല്‍കാനോ പാടില്ല. കൂടിയ അളവില്‍ കൊഴുപ്പ്, മധുരം, ഉപ്പ് എന്നിവ അടങ്ങിയിരിക്കുന്ന പാക്കറ്റിലടച്ച ഭക്ഷണസാധനങ്ങള്‍ (ജങ്ക് ഫുഡ്സ്) സ്കൂള്‍ കാന്റീനിലോ സ്കൂള്‍ കാമ്പസിന് 50 മീറ്റര്‍ ചുറ്റളവിലോ ഹോസ്റ്റല്‍, സ്കൂള്‍ മെസ്സ് എന്നിവിടങ്ങളിലോ വില്പന നടത്താനോ വിതരണം ചെയ്യാനോ പാടില്ലെന്നും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്നു.