കേരള ചരിത്ര പഠനത്തിലെ ബൃഹത് ഗ്രന്ഥമായ പി.ഭാസ്ക്കരനുണ്ണി എഴുതിയ ‘പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം’ പുസ്തക പരിചയവും ചർച്ചാ സദസും രണ്ടാം ഭാഗം ഇന്ന്(നവം:4, തിങ്കൾ) സെഗയ്യയിലെ കെസിഎ ഹാളിൽ വെച്ച് നടത്തപ്പെടും. വൈകിട്ട് 8 മണി മുതൽ എസ്തെറ്റിക് ഡെസ്ക് ബഹ്റൈന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഇ എ സലിം പുസ്തകം പരിചയപ്പെടുത്തും.
ഒക്ടോബർ 16 ന് നടന്ന പുസ്തക പരിചയത്തിന് ലഭിച്ച മികച്ച പങ്കാളിത്തവും സദസിലെ അഭ്യർത്ഥനയും മാനിച്ചാണ് രണ്ടാം ഭാഗം സംഘടിപ്പിക്കുന്നത്.
മുടന്തി ജീവിച്ച ഒരു നൂറ്റാണ്ടിൽ നിന്നും ഇന്ന് കാണുന്ന കേരളത്തിലേക്കുണ്ടായ മാറ്റങ്ങളെ മനസിലാകും വിധം ശ്രേണീ ബദ്ധമായ ജാതി വ്യവസ്ഥയുടെ സങ്കീർണതകളിലൂടെ സൂക്ഷ്മമായി വിശകലനം ചെയ്യുന്നുണ്ട് പി ഭാസ്കരനുണ്ണിയുടെ കൃതികളിൽ. ‘ഭരണാധികാരികളുടെ വീര സാഹസിക ചരിത്രമല്ല, മൃഗതുല്യരായി ജീവിച്ച് മരിച്ച അടിയാള ജീവിതങ്ങളുടെ സാംസ്കാരിക ചരിത്രമാണ് പി.ഭാസ്കരനുണ്ണിയുടേത്.’ ചരിത്രം പറയുമ്പോള്‍ നിഷ്പക്ഷനായിരിക്കുന്നതിന് പകരം ഉള്ളു പൊള്ളിക്കുന്ന യാഥാർഥ്യങ്ങളിലൂടെ എഴുതപ്പെട്ട, പുതു തലമുറക്ക് അപരിചിതമായ വെളിപ്പെടുത്തലുകൾ നിറഞ്ഞ ‘പത്തൊമ്പതാം നൂറ്റാണ്ടിലെ കേരള’ത്തെ കുറിച്ചറിയാൻ താൽപര്യമുള്ള ചരിത്ര തൽപ്പരരായ മുഴുവൻ സുഹൃത്തുക്കളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.