കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ നാളെ പണിമുടക്കും.

5

കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ നാളെ പണിമുടക്കും. ഭരണാനുകൂല സംഘടനകളും ബിഎംഎസ് അനുകൂല സംഘടനയും പണിമുടക്കില്‍ പങ്കെടുക്കില്ല. സര്‍വ്വീസുകള്‍ മുടങ്ങുന്ന സമരരീതി ഉപേക്ഷിക്കണമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ ആവശ്യപ്പെട്ടു.

പ്രതിപക്ഷാനുകൂല തൊഴിലാളി സംഘടനയായ ട്രാന്‍സ്പോര്‍ട്ട് ഡെമാക്രാറ്റിക് ഫെഡറേഷന്‍റെ നേതൃത്വത്തിലാണ് പണിമുടക്ക്. രണ്ടുകൊല്ലം കൊണ്ട് കെഎസ്ആര്‍ടിസിയെ ലാഭത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ ഇടതു മുന്നണി, സര്‍ക്കാര്‍ ജീവനക്കാരെ വഞ്ചിച്ചുവെന്നാണ് ആക്ഷേപം. കഴിഞ്ഞ മാസം രണ്ടു തവണയായിട്ടാണ് ശമ്പളം വിതരണം ചെയ്തത്. ഈമാസം എന്ന് ശമ്പളം നല്‍കുമെന്ന് ഇതുവരെ പറഞ്ഞിട്ടില്ല.

ശമ്പള പരിശ്കരണം നടപ്പിലായില്ല. ഡിഎ കുടശ്ശിക നല്‍കിയിട്ടില്ല. ആയിരം ബസ്സുകള്‍ ഓരോ വര്‍ഷവും പുതുതായി നിരത്തിലിറക്കുമെന്ന് പ്രഖ്യാപിച്ചിട്ട് 101 ബസ്സുകള്‍ മാത്രമാണ് ഇതുവരെ നിരത്തിലിറക്കിയത്. വാടക വണ്ടിയെടുക്കാനുള്ള നീക്കം സ്വകര്യവത്കരണത്തിനു വേണ്ടിയാണെന്നും സമരാനുകൂലികള്‍ ആരോപിക്കുന്നു.

കെഎസ്ആര്‍ടിസി വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹാചര്യത്തില്‍ തൊഴിലാളികള്‍ സഹകരിക്കണമെന്നാണ് സര്‍ക്കാരിന്‍റെ ആവശ്യം. പണിമുടക്കിന് ഡയസ്നോണ്‍ ബാധകമാക്കി കെഎസ്ആര്‍ടിസി ഉത്തരവിറിക്കിയിട്ടുണ്ട്. സിഐടിയു, എഐടിയുസി , ബിഎംഎസ് എന്നിവയുടെ ആഭിമുഖ്യത്തിലുള്ള തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.അതുകൊണ്ടു തന്നെ സര്‍വ്വീസുകള്‍ വ്യാപകമായി മുടങ്ങുന്ന സാഹചര്യമുണ്ടാകില്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ പ്രതീക്ഷ.