സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീസ്‌ വർധനയ്ക്ക് അനുമതി നൽകിയിട്ടില്ലെന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രി

8

കുവൈറ്റ്‌ സിറ്റി:അടുത്ത അധ്യയനവർഷം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീസ്‌ വർധനയ്ക്ക് അനുമതി നൽകിയിട്ടില്ലെന്ന് കുവൈത്ത് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് അൽ ആസ്മി വ്യക്തമാക്കി.

പാർലമെന്റിൽ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. നിയമം മറികടന്ന് ഏതെങ്കിലും സ്ഥാപനങ്ങൾ ഫീസ്‌ വർധിപ്പിച്ചതായി കണ്ടെത്തിയാൽ കടുത്ത നിയമനടപടിയുണ്ടാവുമെന്നും മന്ത്രി വിശദമാക്കി.

സർക്കാർ തീരുമാനം രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ അറബ്, ഇന്ത്യൻ, പാകിസ്താൻ, ബ്രിട്ടീഷ്, ജർമൻ, അമേരിക്കൻ, ഫ്രഞ്ച്, കൂടാതെ ദ്വിഭാഷാ സ്കൂളുകൾക്കും സർക്കാർ ഉത്തരവ് ബാധകമാണെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സാമ്പത്തിക കാര്യ വിഭാഗം ഇക്കാര്യത്തിൽ കർശനമായ പരിശോധനയും നിരീക്ഷണവും നടത്തി ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. സാമ്പത്തികകാര്യ വിഭാഗത്തിൽ പുതിയ മേധാവിയായി ലുലുവ അൽ മുള്ളയെ നിയമിച്ചതായും മന്ത്രി അറിയിച്ചു.