കുവൈറ്റിൽ പ്രവാസികളുടെ ഇഖാമയും ഡ്രൈവിങ് ലൈസന്‍സും ലിങ്ക് ചെയ്യുന്നു

9

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികളുടെ ഇഖാമയും ഡ്രൈവിങ് ലൈസന്‍സും പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ ഗതാഗത വകുപ്പ് തുടങ്ങി. പ്രവാസികളുടെ ഇഖാമ റദ്ദായാല്‍ ഡ്രൈവിങ് ലൈസന്‍സും സ്വാഭാവികമായി റദ്ദാവുന്ന തരത്തിലുള്ള പരിഷ്കരണമാണ് ഉദ്ദേശിക്കുന്നതെന്ന് ഗതാഗത വകുപ്പ് ആക്ടിങ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സായിഗാണ് സൂചിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട പഠനം നടത്താന്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് വിതരണം അടുത്തിടെ ഇലക്ട്രോണിക് കിയോസ്‍കുകള്‍ വഴിയാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് കൂടുതല്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി വിദേശികള്‍ക്ക് അനുവദിക്കുന്ന ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി പരമാവധി അഞ്ചുവര്‍ഷമാക്കിയേക്കും. ഇതിനിടെ ഇഖാമയുടെ കാലാവധി അവസാനിച്ചാല്‍ ഡ്രൈവിങ് ലൈസന്‍സും അതിനൊപ്പം റദ്ദാകും. ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടെങ്കില്‍ ഇഖാമ പുതുക്കുന്നതിന് മുന്‍പ് അവ അടച്ചുതീര്‍ക്കേണ്ടി വരികയും ചെയ്യും.