കുവൈത്തിൽ സ്വകാര്യ പാർപ്പിടമേഖലയിൽ താമസിക്കുന്ന ബാച്ചിലേഴ്സിനെ ഒഴിപ്പിക്കും

6

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ പാർപ്പിടമേഖലയിൽ കുടുംബമില്ലാതെ താമസിക്കുന്ന വിദേശികളെ പൂർണമായും ഒഴിപ്പിക്കുമെന്നു സർക്കാർ. ഇതുവരെ ഇരുനൂറോളം കെട്ടിടങ്ങളിൽ നിന്ന് ബാച്ചിലർമാരെ ഒഴിപ്പിച്ചു. കുടുംബത്തോടൊപ്പമല്ലാതെ വിദേശികൾക്ക് താമസമൊരുക്കിയാൽ ആയിരം ദിനാർ വരെ പിഴ ചുമത്തുമെന്നും അധികൃതർ മുന്നറിപ്പ് നൽകി.

സ്വകാര്യ പാർപ്പിടമേഖലകളിൽ നിന്ന് കുടുംബമില്ലാതെ താമസിക്കുന്ന മുഴുവൻ വിദേശികളെയും പുറത്താക്കുന്നത് വരെ നടപടികൾ തുടരാനാണ് സർക്കാർ തീരുമാനം. ബാച്ചിലേഴ്‌സിനെ പുറന്തള്ളാൻ നിയോഗിക്കപ്പെട്ട പ്രത്യേക കമ്മിറ്റിയുടെ അധ്യക്ഷനും മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ഡയറക്ടറുമായ അമ്മാർ അൽ അമ്മാർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബാച്ചിലര്‍ താമസക്കാരെ പുറത്താക്കണമെന്ന കമ്മിറ്റിയുടെ ആവശ്യത്തോട് 70 ശതമാനം റിയൽ എസ്റ്റേറ്റ് ഉടമകളും അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. ഇതുവരെ 200 കെട്ടിടങ്ങളിൽ നിന്ന് ബാച്ചിലർ താമസക്കാരെ ഒഴിപ്പിച്ചു. 250 കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

നിർദേശം പാലിക്കാത്ത 270 കെട്ടിട ഉടമകൾക്കെതിരെ മുന്നറിയിപ്പ് നോട്ടിസ് പുറപ്പെടുവിച്ചു. നിയമം ലംഘിക്കുന്ന കെട്ടിടഉടമകൾ ആദ്യതവണ 500 ദിനാറും ആവർത്തിച്ചാൽ 1000 ദിനാറും പിഴ ചുമത്തുമെന്നും അമ്മാർ അൽ അമ്മാർ പറഞ്ഞു.

ക്ളീൻ ജലീബ് എന്ന പേരിൽ പ്രത്യക കാമ്പയിൻ ആരംഭിച്ചതിനാൽ ജലീബ് അൽ ശുയൂഖ് മേഖലയെ താത്കാലികമായി സമിതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് പരമാവധി പതിനഞ്ചു മുതൽ 21 വരെ ആളുകളെ ഉൾക്കൊള്ളുന്ന കെട്ടിടങ്ങളിൽ നൂറും ഇരുനൂറും പേർ താമസിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും സർക്കാർ വ്യക്തമാക്കി.