കുവൈറ്റിൽ മന്ത്രിസഭ രാജി വെച്ചു

9

കുവൈത്ത് സിറ്റി: കുവൈത്ത്‌ മന്ത്രിസഭ രാജി വെച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ സബാഹ് സർക്കാറിന്‍റെ രാജി കുവൈത്ത് അമീർ ഷെയ്ഖ് സബാഹ്‌ അൽ അഹ്‍മദ് അൽ സബാഹിനു സമർപ്പിച്ചു. മന്ത്രിസഭയുടെ പ്രവർത്തനങ്ങൾ പുനക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് സർക്കാർ രാജിവെച്ചതെന്ന് സർക്കാർ വക്താവ്‌ താരിഖ് അൽ മുസാറം അറിയിച്ചു. ആഭ്യന്തര മന്ത്രിയടക്കമുള്ള മന്ത്രിമാർക്കെതിരെ പാർലമെന്‍റിൽ കുറ്റവിചാരണ നടക്കാനിരിക്കേയാണു നാടകീയമായി പ്രധാനമന്ത്രി മന്ത്രിസഭയുടെ രാജി സമർപ്പിച്ചത്‌. റോഡ് പണികൾ സമയബന്ധിതമായി പൂർത്തിയാക്കിയില്ലന്ന ആരോപണം ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം പൊതുമരാമത്ത്‌ മന്ത്രി ജിനാൻ അൽ ബുഷഹരി രാജി വെച്ചിരുന്നു.