പാലക്കാട്‌ സ്വദേശി നാട്ടിലേക്ക് പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് റിയാദിൽ മരിച്ചു

റിയാദ്: നാട്ടിലേക്ക് പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മലയാളി റിയാദിൽ മരിച്ചു. കരൾ രോഗവും പ്രമേഹവും മറ്റും മൂലം 75 ദിവസം റിയാദിലെ ആശുപത്രിയിൽ കഴിഞ്ഞ ശേഷം ഡിസ്ചാർജായി നാട്ടിൽ പോകാനൊരുങ്ങിയ പാലക്കാട് ഷോർണൂർ സ്വദേശി മങ്ങാട്ട് ജയറാമാണ് (43) മരണത്തിന് കീഴടങ്ങിയത്.

വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്കായിരുന്നു മരണം. പിറ്റേന്ന് പുലർച്ചെ 12.50ന് സൗദി എയർലൈൻസ് വിമാനത്തിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു. വീൽച്ചെയറിൽ യാത്ര ചെയ്യാൻ നിയമനടപടികൾ പൂർത്തിയാവുകയും ചെയ്തിരുന്നു. ഒരു സ്വകാര്യ കമ്പനിയിൽ അക്കൗണ്ടൻറ് തസ്തികയിൽ നിയമിതനായി മൂന്ന് മാസം മുമ്പാണ് റിയാദിലെത്തിയത്. ജോലിയിൽ കയറി ഒരാഴ്ചക്കുള്ളിൽ നേരത്തെയുണ്ടായിരുന്ന അസുഖം മൂർഛിച്ച് അവശനിലയിലായി. ശുമൈസി കിങ് സൗദ് ആശുപത്രിയിൽ 75 ദിവസം ചികിത്സയിൽ കഴിഞ്ഞു. അവിടെ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം സാമൂഹിക പ്രവർത്തകരായ റഫീഖ് ഉമ്മഞ്ചിറയുടെയും പ്രദ്യുമ്‍നന്റെറയും സംരക്ഷണയിൽ 15 ദിവസമായി കഴിഞ്ഞുവരികയായിരുന്നു.

3.60 ലക്ഷം റിയാലിന്റെ ചികിത്സാ ബില്ല് ആശുപത്രി അധികൃതർ ഒഴിവാക്കി കൊടുത്തു. ആശുപത്രിയിലായപ്പോൾ തന്നെ നാട്ടിൽ പോകാൻ എക്സിറ്റ് അടിച്ചിരുന്നു. കാലാവധി കഴിഞ്ഞതിനാൽ റഫീഖ് ഉമ്മഞ്ചിറയുടെ ശ്രമഫലമായി പുതുക്കി. ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാൻ ഇന്ത്യൻ ഓവർസീസ് ഫോറത്തിന്റെ നേതൃത്വത്തിൽ ശ്രമം ആരംഭിച്ചു. ദീർഘകാലം ഒമാനിലും ജോലി ചെയ്തിട്ടുണ്ട്. ഒമാനിൽ നഴ്സായ പ്രിയയാണ് ഭാര്യ. ഏക മകൾ കീർത്തി പത്താം ക്ലാസ് വിദ്യാർഥിനിയാണ്.