മരടിലെ ഫ്ലാറ്റുകൾ ജനുവരി 11, 12 തീയതികളില്‍ പൊളിക്കാന്‍ തീരുമാനം

6

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ ജനുവരി 11, 12 തീയതികളില്‍ പൊളിക്കാന്‍ തീരുമാനം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജനുവരി 11 ന് എച്ച്ടു ഒ, ആല്‍ഫ സെറിന്‍ ഫ്‌ലാറ്റുകളാണ് പൊളിക്കുക. 12 ന് ജെയ്ന്‍, ഗോള്‍ഡന്‍ കായലോരം ഫ്‌ലാറ്റുകളും പൊളിക്കാനാണ് തീരുമാനം. ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി 200 മീറ്റര്‍ ചുറ്റളവിലെ ആളുകളെ ഒഴിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കളുടെ അളവ് സംബന്ധിച്ച് യോഗത്തില്‍ ധാരണയായില്ല.

ഫ്‌ലാറ്റുകള്‍ ഡിസംബറില്‍ പൊളിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാലാണ് പൊളിക്കല്‍ തീയതി നീണ്ടുപോയതെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. ജനുവരി ഒമ്പതിനകം ഫ്‌ലാറ്റുകള്‍ പൊളിക്കണമെന്നായിരുന്നു സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നത്. തീയതി നീണ്ടുപോയ കാര്യവും അതിനുള്ള കാരണവും ചൂണ്ടിക്കാട്ടി സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ടും സര്‍ക്കാര്‍ നല്‍കും.

തീരദേശ പരിപാലന നിയമം ലംഘിച്ച നിര്‍മ്മിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരടിലെ നാലു വിവാദ ഫ്‌ലാറ്റുകള്‍ പൊളിച്ചുനീക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടത്. പൊളിച്ചുനീക്കുന്ന ഫ്‌ലാറ്റ് ഉടമകള്‍ക്ക് അടിയന്തര സഹായമായി 25 ലക്ഷം രൂപ വീതം നല്‍കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. സര്‍ക്കാര്‍ ഈ തുക ഫ്‌ലാറ്റ് നിര്‍മ്മാതാക്കളില്‍ നിന്നും ഈടാക്കണമെന്നും ഉത്തരവിട്ടിരുന്നു.