കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ കുടുങ്ങി ഒമാനിൽ 6 പ്രവാസി തൊഴിലാളികള്‍ മുങ്ങി മരിച്ചു

5

മസ്‍കത്ത്: ഒമാനില്‍ കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ കുടങ്ങി ആറ് പ്രവാസി തൊഴിലാളികള്‍ മുങ്ങി മരിച്ചതായി പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അറിയിച്ചു. മസ്കത്ത് ഗവര്‍ണറേറ്റിലാണ് സംഭവം. പൈപ്പിനുള്ളില്‍ കുടുങ്ങിയ നിലയില്‍ തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നാണ് തിങ്കളാഴ്ച അധികൃതര്‍  അറിയിച്ചു. തൊഴിലാളികളെല്ലാം ഏഷ്യക്കാരാണെന്ന് മാത്രമാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.  ഇവര്‍ ഏത് രാജ്യത്ത് നിന്നുള്ളവരാണെന്ന് വ്യക്തമല്ല.

സീബ് വിലായത്തിലെ എയര്‍പോര്‍ട്ട് ഹൈറ്റ്സില്‍ ഒരു വാട്ടര്‍ എക്സ്റ്റന്‍ഷന്‍ പദ്ധതി സ്ഥലത്ത് ആറ് തൊഴിലാളികളെ കാണാതായെന്ന് ഞായറാഴ്ചയാണ് അധികൃതര്‍ക്ക് വിവരം ലഭിച്ചത്. ഒമാനില്‍ കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തിരുന്നു. ഇതിനിടെയാണ് അപകടം സംഭവിച്ചത്. 12 മണിക്കൂറിലധികം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. 295 മീറ്റര്‍ നീളമുള്ള പൈപ്പില്‍ നിന്ന് വലിയ പമ്പ് സൈറ്റുകള്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് കളഞ്ഞശേഷമായിരുന്നു മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്. അപകട സ്ഥലത്തുനിന്നുള്ള ചിത്രങ്ങളും പ്രാദേശിക മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജീവനക്കാരുടെ സുരക്ഷാകാര്യത്തില്‍ കമ്പനികള്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു