ഗിന്നസിൽ ഇടം നേടി മലയാളികളുടെ ഭീമൻ പൂക്കളം

7

ദുബായ്:മലയാളികളുടെ നേതൃത്വത്തിൽ യു.എ.ഇ.യ്ക്ക് മറ്റൊരു ഗിന്നസ് റെക്കോഡ് നേട്ടം കൂടി. ഇത്തവണ ലോകത്തിലെ ഏറ്റവും വലിയ പൂക്കളമൊരുക്കിയാണ് റെക്കോഡ് പുസ്തകത്തിൽ ദുബായിയുടെ പേരെഴുതിചേർത്തത്.

യു.എ.ഇ. സർക്കാർ ആചരിക്കുന്ന സഹിഷ്ണുതാ വർഷത്തിന്റെ ഭാഗമായി ദേശീയ സഹിഷ്ണുതാ മന്ത്രാലയമാണ് പൂക്കളത്തിനുള്ള സൗകര്യമൊരുക്കിയത്. യു.എ.ഇ.യിലുള്ള മലയാളി പൂർവവിദ്യാർഥി കൂട്ടായ്മയായ അക്കാഫ് ഇവന്റ്സും ഗ്ലോബേഴ്‌സ് എന്റർടൈൻമെന്റ്സും ചേർന്നാണ് പരിപാടി ആസൂത്രണം ചെയ്തത്. ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് പൂക്കളം തീരുമാനിച്ചിരുന്നതെങ്കിലും പൂക്കൾ തികയാത്തതിനാൽ വിസ്തീർണം അല്പം കുറച്ചായിരുന്നു നിർമാണം.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ പൂക്കളത്തിന്റെ നിർമാണം തുടങ്ങിയത്. 150 രാജ്യങ്ങളിൽനിന്നുള്ള 5000 സന്നദ്ധപ്രവർത്തകരായിരുന്നു തുളച്ചുകയറുന്ന തണുപ്പ് വകവെക്കാതെ പൂക്കളം തീർക്കാൻ ഒത്തുചേർന്നത്. പല വർണങ്ങളിലുള്ള പൂക്കൾ പോലെ മനോഹരമായിരുന്നു പല നാടുകളിലുള്ള മനുഷ്യരുടെ ഈ ഒത്തുചേരലും പങ്കുവെക്കലും. ആ ഒത്തൊരുമയുടെയും സഹിഷ്ണുതയുടെയും സന്ദേശം ഉയർത്തിക്കാണിച്ചായിരുന്നു ഏറ്റവും വലിയ പൂക്കളത്തിന്റെ നിർമാണം.

യു.എ.ഇ. പൈതൃകത്തിന്റെ സന്ദേശം കൈമാറുന്നതായിരുന്നു പുഷ്പപരവതാനി. സവിശേഷമായ രൂപകല്പനയാണ് മന്ത്രാലയം തിരഞ്ഞെടുത്തിരുന്നത്. യു.എ.ഇ.യുടെ സാംസ്കാരിക ചിഹ്നങ്ങളെല്ലാം പൂക്കളത്തിൽ ആലേഖനം ചെയ്തിരുന്നു. നേരത്തേ തീരുമാനിച്ച പ്രകാരമുള്ള നിറങ്ങളിലുള്ള പൂക്കളായിരുന്നു ഓരോ കളങ്ങളിലും വിരിഞ്ഞത്. ഇന്ത്യ, കെനിയ എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത 50 ടൺ പൂക്കളാണ് നിർമാണത്തിനായി ഉപയോഗിച്ചത്. ഇതിൽ 95 ശതമാനം പൂക്കളും എത്തിയത് ബെംഗളൂരുവിൽ നിന്നാണ്. 5500 പെട്ടികളിലായാണ് പൂക്കൾ സൂക്ഷിച്ചിരുന്നത്.

പൊതുജനങ്ങൾക്ക് ഞായറാഴ്ച വരെ പൂക്കളം കാണാനുള്ള അവസരമുണ്ട്. വലിയൊരു ജനക്കൂട്ടത്തെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. 150 രാജ്യങ്ങളിൽ നിന്നുള്ള ഒട്ടേറെ കലാസാംസ്കാരിക പരിപാടികളും ഫെസ്റ്റിവൽ സിറ്റിയിൽ നടക്കും. വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാർ മുതൽ സ്‌കൂൾ വിദ്യാർഥികൾ വരെ ഇവിടം സന്ദർശിക്കും.