മെഡിക്കൽ കോളേജ് അധ്യാപകർ സൂചനാ പണിമുടക്ക് നടത്തി

തിരുവനന്തപുരം: ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് അധ്യാപകർ സൂചനാ പണിമുടക്ക് നടത്തി. രാവിലെ രണ്ടു മണിക്കൂർ ഒപി ബഹിഷ്കരിച്ചു നടത്തിയ സമരത്തിൽ രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ മുൻകൂട്ടി തന്നെ അധികൃതർ നടപടി സ്വീകരിച്ചിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സമരം മൂലം രോഗികൾക്ക് ചികിത്സ തടസപ്പെടാതിരിക്കാൻ വേണ്ട നടപടി സ്വീകരിക്കുന്നതിന് വകുപ്പു മേധാവികൾക്ക് ആശുപത്രി സൂപ്രണ്ട് ചൊവ്വാഴ്ച തന്നെ നിർദ്ദേശം നൽകിയിരുന്നു. എസ് എ ടി യിലും രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ സംവിധാനമൊരുക്കിയിരുന്നു. ഡ്യൂട്ടി ഡോക്ടർമാരും പി ജി വിദ്യാർത്ഥികളും യഥാസമയം ഒ പി യിലുണ്ടായിരുന്നു. ഏതാനും ഡോക്ടർമാർ സമരത്തിന്റെ ഭാഗമായി നടന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തെങ്കിലും രോഗികളുടെ ചികിത്സയെ ബാധിക്കാതിരിക്കാൻ നടപടിയെടുത്തിരുന്നു.
കെ ജി എം സി ടി എ യുടെ നേതൃത്വത്തിലായിരുന്നു മെഡിക്കൽ കോളേജ് അധ്യാപകർ രണ്ടു മണിക്കൂർ സൂചനാ പണിമുടക്ക് നടത്തിയത്. അത്യാഹിത വിഭാഗം, ഐ സി യു, ലേബർ റൂം, അത്യാഹിത ശസ്ത്രക്രിയകൾ, മറ്റ് അത്യാഹിത സേവനങ്ങൾ എന്നിവയെ സമരത്തിൽ നിന്ന് നേരത്തേ തന്നെ ഒഴിവാക്കിയിരുന്നു. ഒപി ബഹിഷ്കരണത്തോടൊപ്പം പ്രകടനവും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പു മേധാവിയുടെ ഓഫീസിനു മുന്നിൽ ധർണയും ഉണ്ടായിരുന്നു.