സൗദിയിൽ വീട്ടിലെ പാചക വാതകം ചോർന്ന് അപകടം : ഒരാള്‍ മരിച്ചു

8

റിയാദ്: വീട്ടിലെ പാചക വാതകം ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. സൗദി അറേബ്യയിലെ അല്‍ ശറാഇ ജില്ലയിലാണ് സംഭവം. രണ്ടുനിലകളുള്ള കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ് സ്ഫോടനമുണ്ടായത്. പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.

രാവിലെ 5.20നാണ് അപകടം സംബന്ധിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ നാഇഫ് അല്‍ ശരീഫ് പറഞ്ഞു. പാചകവാതകം ചോര്‍ന്ന് കെട്ടിടത്തിനുള്ളില്‍ നിറയുകയായിരുന്നു. ശക്തമായ സ്ഫോടനത്തില്‍ വീടിന്റെ ഒരു ഭാഗം തകര്‍ന്നു. പരിസരത്തെ മറ്റൊരു കെട്ടിടത്തിനും അടുത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റി. സംഭവ സമയത്ത് വീടിനുള്ളില്‍ ഉണ്ടായിരുന്നയാളാണ് മരിച്ചത്. ഉറങ്ങാന്‍ കിടമ്പോഴും വീട്ടില്‍ നിന്ന് പുറത്തുപോകുമ്പോഴുമൊക്കെ പാചക വാതക സിലിണ്ടറുകള്‍ പൂര്‍ണമായി അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.