സൗദിയിൽ ഇനി ആരോഗ്യ ഇൻഷുറൻസ് കാർഡിനു പകരം ഇഖാമ മതി

7

സൗദിയിൽ ഇനിമുതല്‍ ആരോഗ്യ ഇൻഷുറൻസ് കാർഡിനു പകരം താമസ രേഖയായ ഇഖാമ മതി. ജനുവരി ഒന്ന് മുതൽ ആരോഗ്യ ഇൻഷുറൻസ് വിദേശികളുടെ ഇഖാമയുമായും സ്വദേശികളുടെ നാഷണൽ ഐ.ഡിയുമായും ബന്ധിപ്പിക്കുമെന്ന് കൗൺസിൽ ഓഫ് കോഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് അറിയിച്ചു.

ആരോഗ്യ ഇൻഷുറൻസ്, തിരിച്ചറിയൽ രേഖകളായ വിദേശികളുടെ ഇഖാമയുമായും സ്വദേശികളുടെ തിരിച്ചറിയൽ കാർഡുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ പൂർത്തിയായതിനാൽ ജനുവരി മുതൽ ആശുപത്രികളിലും ക്ലിനിക്കുകളിലും പ്രത്യേക ആരോഗ്യ ഇൻഷുറൻസ് കാർഡ് ആവശ്യമായിവരില്ല. ചികിത്സക്കായി വിദേശികൾ ഇഖാമയും സ്വദേശികൾ തിരിച്ചറിയൽ കാർഡും സമർപ്പിച്ചാൽ മതി.
ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട സ്മാർട്ട് ആപ്പുകൾ ലഭ്യമാകുകയും ഇ-ഹെൽത്ത് ഇൻഷുറൻസ് കാർഡ് ആരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ആരോഗ്യ ഇൻഷുറൻസ് കാർഡിന് പകരമായി തിരിച്ചറിയൽ രേഖ സ്വീകരിക്കുന്നത്. മാത്രമല്ല ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും മെച്ചപ്പെടുത്താനും ഇതിലൂടെ സാധ്യമാകുമെന്നുമാണ് കൗൺസിൽ ഓഫ് കോഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസിന്റെ വിലയിരുത്തൽ