രാത്രി ജോലിക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങളുമായി സൗദി

സൗദി അറേബയിൽ രാത്രിയിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. രാത്രി 11 മുതൽ പുലർച്ചെ ആറ് മണി വരെ ജോലി ചെയ്യുന്നവരാണ് ആനുകൂല്യങ്ങളുടെ പരിധിയിൽ വരികയെന്ന് തൊഴിൽ-സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽരാജ്ഹി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഈ സമയത്തിനുള്ളിൽ കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും ജോലി ചെയ്യുന്നവർ രാത്രി ജോലിക്കാർക്കുള്ള പ്രത്യേക ആനുകൂല്യത്തിന് അർഹരാണ്.

രാത്രി ജോലി ചെയ്യാൻ ശാരീരികക്ഷമതയുള്ള ആളാണെന്ന് മെഡിക്കൽ പരിശോധനയിലൂടെ ഉറപ്പുവരുത്തിയ ശേഷമേ ആ സമയ ജോലിക്ക് നിയോഗിക്കാൻ പാടുള്ളൂ. ആരോഗ്യം അനുവദിക്കുന്നില്ലെങ്കിൽ രാത്രി ജോലി ഒഴിവാക്കാനുള്ള അവകാശം തൊഴിലാളിക്കുണ്ട്. അനാരോഗ്യം വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കേറ്റ് ഹാജരാക്കുന്നവരെയും 24 ആഴ്ച പിന്നിട്ട ഗർഭിണികളെയും രാത്രി ഷിഫ്റ്റിലെ ജോലിക്ക് നിർബന്ധിക്കാനോ നിയോഗിക്കാനോ പാടില്ല. രാത്രി ജോലിക്കാരന്റെ പ്രവൃത്തി സമയം, വേതനം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്. അതുപ്രകാരമല്ലാതെ തൊഴിലാളികളെ വ്യന്യസിക്കുന്നതും സേവന വേതന വ്യവസ്ഥകൾ ലംഘിക്കുന്നതും ശിക്ഷാർഹമാണ്.

രാത്രി യാത്രക്ക് പ്രത്യേക അലവൻസ്,  യാത്രാസൗകര്യം രാത്രി ലഭ്യമല്ലെങ്കിൽ തൊഴിൽ ദാതാവ് തന്നെ പകരം മാർഗം ഒരുക്കി നൽകണം എന്നിവയും വ്യവസ്ഥയിലുണ്ട്. ജോലിക്കാരുടെ പരിശീലനം, യോഗ്യത, സീനിയോറിറ്റി, പ്രമോഷൻ, വേതനം തുടങ്ങിയ വിഷയങ്ങളിൽ തൊഴിലാളിയുടെ അവകാശങ്ങളും തുല്യതയും സംരക്ഷിക്കുക തൊഴിൽ ദാതാക്കളുടെ ബാധ്യതയാണെന്നും മന്ത്രി പറഞ്ഞു. ഒരു പ്രവൃത്തി ദിവസം അവസാനിച്ച് അടുത്തത് തുടങ്ങുന്നതിനിടയിൽ 12 മണിക്കൂറിൽ കുറയാത്ത വിശ്രമ നേരം തൊഴിലാളിക്ക് കിട്ടിയിരിക്കണം. അതുപോലെ രാത്രി ജോലിക്ക് നിയോഗിക്കുമ്പോൾ തുടർച്ചയായി മൂന്നുമാസത്തിൽ കൂടരുത്. മൂന്നുമാസം കഴിയുമ്പോൾ പകൽ ഡ്യൂട്ടിയിലേക്ക് മാറ്റി നിയോഗിക്കണം. അതേസമയം പ്രായമായവരുടെയും കുടുംബവുമായി ബന്ധപ്പെട്ടുള്ള ഉത്തരവാദിത്തങ്ങളുടെയും പേരിൽ പ്രത്യേക സാഹചര്യങ്ങളില്‍ കഴിയുന്നവരെ അവരുടെ സൗകര്യം പരിഗണിക്കാതെ രാത്രി ജോലിക്ക് നിർബന്ധിക്കരുത് തുടങ്ങിയ നിരവധി വ്യവസ്ഥകളാണ് പുതിയ ഉത്തരവിൽ പറയുന്നത്.