ചെരുപ്പുകൾ മോഷ്ടിച്ചെന്നാരോപിച്ച് യുവാവ് പൊലീസിൽ പരാതി നൽകി.

ചെന്നൈ: അറുപതിനായിരം രൂപ വിലവരുന്ന പത്ത് ജോടി ചെരുപ്പുകൾ മോഷ്ടിച്ചെന്നാരോപിച്ച് യുവാവ് പൊലീസിൽ പരാതി നൽകി. വ്യവസായിയായ അബ്ദുൾ ഹാഫിസ് ആണ് വീട്ടിൽ നിന്ന് ചെരുപ്പുകൾ മോഷണം പോയെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയത്. ശനിയാഴ്ച രാവിലെയാണ് സംഭവം.

കിൽപൗക്കിലെ ദിവാൻ ബഹദൂർ ഷൺമുഖം സ്ട്രീലുള്ള വീടിന്റെ വരാന്തയിലാണ് ചെരുപ്പുകൾ സൂക്ഷിച്ചിരുന്നത്. വിലകൂടിയും ബ്രാൻ്റ‍ഡുമായ ചെരുപ്പുകളാണ് മോഷണം പോയിരിക്കുന്നത്. താൻ വീട്ടിൽ ഉണ്ടായിരുന്ന സമയത്താണ് ചെരുപ്പുകൾ മോഷണം പോയത്. രാത്രി വീട്ടിലേക്ക് വരുമ്പോൾ വരാന്തയിൽ ചെരുപ്പുകൾ കണ്ടിരുന്നു. എന്നാൽ, രാവിലെ നോക്കിയപ്പോൾ ചെരുപ്പുകൾ കാണാതാവുകയായിരുന്നുവെന്ന് ഹാഫിസ് പരാതിയിൽ ആരോപിച്ചു.

ചെരുപ്പുകൾ കാണാതായ വിവരം പൊലീസിൽ അറിയിക്കുകയും പിന്നീട് പരാതി നൽകുകയുമായിരുന്നു. വീടിന് സമീപത്തുള്ള കുറച്ച് ചെറുപ്പക്കാർ ചെരുപ്പുകൾ മോഷ്ട‍ിച്ചതായി സംശയിക്കുന്നതായും ഹാഫിസ് പരാതിയിൽ അരോപിക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അയൽക്കാരെയും വീട്ടുജോലിക്കാരെയും ചോദ്യം ചെയ്തുവരുകയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരുകയാണെന്നും പൊലീസ് പറഞ്ഞു.