തിരുവനന്തപുരത്ത് എസ്ഐക്ക് കുത്തേറ്റു

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിലെ പ്രതി എസ്ഐ യെ കുത്തി പരിക്കേൽപിച്ചു. ഫോർട്ട് സ്റ്റേഷനിലെ എസ്ഐ വിമൽ കുമാറിനാണ് കുത്തേറ്റത്. പ്രതിയായ നിയാസ് രക്ഷപ്പെട്ടു. കേസിൽ നിയാസിനെ പിടികൂടാനെത്തിയതായിരുന്നു എസ്ഐ.

ഗുണ്ടാ നിയമപ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വ്യക്തിയാണ് നിയാസ്. ഇയാൾക്കെതിരെ പെണ്‍കുട്ടി പരാതി നൽകിയിരുന്നു. കേസിൽ നിയാസിനെ പിടികൂടാനാണ് വൈകുന്നേരം ഫോർട്ട് സ്റ്റേഷനിലെ എസ്ഐ വിമലും സംഘവും എത്തിയത്. പൊലീസുകാരെ നിയാസും കൂട്ടുകാരും ചേർന്ന് വളഞ്ഞു. കുപ്പിയെടുത്ത് പൊട്ടിച്ച നിയാസ്  ഇതുപയോഗിച്ച്  പൊലീസിനെ അക്രമിച്ചു. ഇതിനു ശേഷം സ്വയം പരിക്കുണ്ടാക്കി പൊലീസിൽ നിന്നും രക്ഷപ്പെട്ടു.

പ്രതിയ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് പൊട്ടിച്ച കുപ്പികൊണ്ട് എസ്ഐയുടെ കൈയിൽ കുത്തിയത്. എസ്ഐ വിമൽ ഫോർട്ട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസിനെ തടഞ്ഞ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയാസിനുവേണ്ടി അന്വേഷണം തുടരുന്നതായി പൊലീസ് പറഞ്ഞു.