നിദ ഫാത്തിമക്ക് എം.എസ്.എഫ് ഹരിത സംസ്ഥാന കമ്മിറ്റി വീട് നിര്‍മ്മിച്ച് നല്‍കും

വയനാട്: ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷഹല ഷറിന് നീതിക്ക് വേണ്ടി ശബ്ദിച്ച നിദ ഫാത്തിമക്ക് എം.എസ്.എഫ് ഹരിത സംസ്ഥാന കമ്മിറ്റി വീട് നിര്‍മ്മിച്ച് നല്‍കും. ഹരിത സംസ്ഥാന പ്രസിഡണ്ട് മുഫീദ തസ്‌നിയാണ് ഇക്കാര്യം അറിയിച്ചത്. ഷഹല പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്കുണ്ടായ ഗുരുതര വീഴ്ച ലോകത്തോട് വിളിച്ചു പറഞ്ഞത് നിദ ഫാത്തിമയാണ്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നിദ ഫാത്തിമ ഷഹലയുടെ കൂട്ടുകാരിയാണ്.

ഷഹല പാമ്പു കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിലായിട്ടും രക്ഷിതാവെത്താന്‍ കാത്തു നില്‍ക്കുകയായിരുന്നു എന്നും അധ്യാപകരും പ്രിന്‍സിപ്പലും പറയുന്നത് കളവാണെന്നും നിദ മാധ്യമപ്രവര്‍ത്തകരോട് തുറന്നു പറഞ്ഞതോടെയാണ് സത്യാവസ്ഥ ലോകമറിഞ്ഞത്. രാത്രിയാത്രാ നിരോധനത്തിനെതിരെ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം മുന്നില്‍ നിന്ന് നയിച്ചതും നിദയായിരുന്നു