മിക്‌സി വിറ്റ് മദ്യപിച്ച ഭര്‍ത്താവിനെ ഭാര്യ വടികൊണ്ട് തലയ്ക്കടിച്ചു കൊന്നു

5

ഉദുമല്‍പേട്ടയ്ക്ക് സമീപം വീട്ടിലെ മിക്‌സി വിറ്റ് മദ്യപിച്ച ഭര്‍ത്താവിനെ ഭാര്യ വടികൊണ്ട് തലയ്ക്കടിച്ചു കൊന്നു. മീനാക്ഷി നഗര്‍ സ്വദേശി വെങ്കിടേശിനെയാണ് ഭാര്യ ഉമാദേവി തലക്കടിച്ചു കൊന്നത്.ഗുരുതരമായി പരിക്കേറ്റ വെങ്കിടേശിനെ വാഹനാപകടത്തില്‍ പരിക്കേറ്റുവെന്ന് പറഞ്ഞാണ് കോയമ്പത്തൂര്‍ ആശുപത്രിയില്‍ എത്തിച്ചത് എന്നാല്‍ ആശുപത്രിയില്‍ നിന്ന് ഇയാള്‍ മരിക്കുകയായിരുന്നു.

വാഹനാപകടം എന്ന നിലയില്‍ കേസെടുത്ത് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.പക്ഷേ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോഴാണ് വാഹനാപകടമല്ല മരണകാരണമെന്ന് മനസ്സിലാകുന്നത്. തലയ്ക്ക് പിറകിലേറ്റ ശക്തമായ അടിയാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ന്ന് മംഗലം പോലീസിന്റെ നേതൃത്വത്തില്‍ ഭാര്യ ഉമാദേവിയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം തെളിഞ്ഞത്.