അനധികൃത റേസിങ് നടത്തിയ 50 കാറുകൾ ദുബായ് പോലീസ് പിടിച്ചെടുത്തു.

13

ദുബായ്:എമിറേറ്റിലെ റോഡുകളിലൂടെ അനധികൃത റേസിങ് നടത്തിയ 50 കാറുകൾ ദുബായ് പോലീസ് പിടിച്ചെടുത്തു. പൊതുജനങ്ങളുടെ ജീവന് അപകടമുണ്ടാക്കുംവിധം ദുബായ് റോഡുകളെ റേസിങ് ട്രാക്കാക്കി മാറ്റിയതിനാണ് കർശനനടപടിയെന്ന് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അൽ മസ്രൂയി പറഞ്ഞു.

ഇത്തരം വിനോദപരിപാടികളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് വാഹനമോടിക്കുന്നവർ പലപ്പോഴും അജ്ഞരാണ്. വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമായാൽ ഗുരുതരമായ അപകടങ്ങളുണ്ടാകും. അനധികൃത റേസിങ് മത്സരങ്ങളിൽ പങ്കെടുക്കുന്നവർ ജാഗ്രത പുലർത്താനും അൽ മസ്രൂയി അഭ്യർഥിച്ചു.

നിയമം തെറ്റിക്കുന്നവർക്ക് 12,000 ദിർഹം പിഴ, 23 ബ്ലാക്ക് പോയന്റ്, 60 ദിവസം വാഹനം പിടിച്ചെടുക്കൽ എന്നിവയാണ് ശിക്ഷ. താമസക്കാർക്ക് അസ്വസ്ഥതയുണ്ടാക്കുന്നവിധം വാഹനമോടിച്ചാൽ 12,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയന്റും ലഭിക്കും. ട്രാഫിക് പോലീസുകാരിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചാൽ 10,000 ദിർഹം പിഴ, 12 ബ്ലാക്ക് പോയന്റ്, 30 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കൽ എന്നിവ നേരിടേണ്ടിവരും. ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പോലീസിന്റെ 901 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ വിവരമറിയിക്കാം.