അബൂബക്കർ വെളിയങ്കോടിനെ അനുസ്മരിച്ചു.

മനാമ: ഏറെക്കാലം മലപ്പുറം ജില്ലാ കെ. എം. സി. സി. പ്രസിഡന്റും, കെ. എം. സി. സി. സാമൂഹിക സുരക്ഷാ സ്കീം, മുൻ കൺവീനറും ആയിരുന്ന ‘അബൂക്ക’ എന്ന് സ്നേഹത്തോടെ സഹപ്രവർത്തകർ വിളിക്കുന്ന അബൂബക്കർ വെളിയങ്കോടിനെ അനുസ്മരിക്കാനും മയ്യത്ത് നിസ്കാരത്തിനും നിരവധിപേർ മനാമ കെ. എം. സി. സി. ഓഫീസിൽ ഒത്തു കൂടി.
കെ. എം. സി. സി. പ്രവർത്തകർക്ക് മാതൃകയായിരുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്ന അബൂക്ക, രണ്ടു വർഷത്തോളമായി രോഗബാധിതനായി നാട്ടിൽ വിശ്രമത്തിലായിരുന്നു, ചൊവ്വാഴ്ച പുലർച്ചെ വെളിയംകോട് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സാമൂഹിക സാംസ്കാരിക രംഗത്ത് നിറപുഞ്ചിരിയുമായി സജീവ സാന്നിധ്യമായിരുന്ന അബൂക്ക എന്നും സമൂഹനന്മക്കായി നിലകൊണ്ട മനസ്സിനുടമയായിരുന്നു എന്നു പങ്കെടുത്തവർ അനുസ്മരിച്ചു.
മത, സാമൂഹിക, സാംസ്കാരിക, മേഖലകളിൽ തന്റെ കഴിവുകളാൽ ശ്രദ്ധേയനായ ഇദ്ദേഹം, മുസ്ലിം ലീഗിന്റെയും കെ.എം.സി.സി.യുടെയും ആദർശത്തെ നെഞ്ചേറ്റിയ സന്മനസ്സിന് ഉടമയായിരുന്നു. അബുക്കയുടെ നിലപാടുകൾ വളരെ സൗമ്യമായി അവതരിപ്പിക്കുകയും അത് പലപ്പോഴും സംഘടനയ്ക്ക് മുതൽകൂട്ടായിട്ടുമുണ്ട് .എല്ലാ പ്രവർത്തനങ്ങളിലും അലിഞ്ഞു ചേർന്ന നേതാവായിരുന്നു അദ്ദേഹം.
സൗമ്യതയോടെ സംഘടനയെ നയിക്കുന്നതിന്റെയും സാമൂഹിക ജീവിതത്തിൽ വിജയം വരിക്കുന്നതിന്റെയും ഉത്തമോദാഹരണമായി മാതൃകയാക്കാൻ പറ്റുന്ന വ്യക്തിത്വമാണ് അബുക്കയുടേതെന്നു അനുശോചന യോഗത്തിൽ സംസാരിച്ച നേതാക്കൾ അനുസ്മരിച്ചു.
സയ്യിദ് ഫക്രുദീൻ തങ്ങൾ മയ്യത്ത് നമസ്കാരത്തിന് നേതൃത്വം നൽകുകയും പ്രാർത്ഥന നടത്തുകയും ചെയ്തു. എസ്. വി. ജലീൽ യോഗത്തിന് നേതൃത്വം നൽകി. സി. കെ. അബ്ദുൽ റഹ്മാൻ, ബഷീർ അമ്പലായി, കുട്ടുസ്സാ മുണ്ടേരി, ഹംസ അബൂബക്കർ, ടി. പി. മുഹമ്മദ് അലി, ഗഫൂർ കൈപ്പമംങ്ങലം, മൊയ്ദീൻ കുട്ടി, സലീം ബാവ, ഗഫൂർ അഞ്ചച്ചുവടി, സലാം മമ്പാട്മൂല, പി. വി. സിദ്ധീഖ്, കെ. പി. മുസ്തഫ എന്നിവർ അനുശോചന യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.