ബഹ്‌റൈൻ കെഎംസിസി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

മനാമ: മോഡി സർക്കാർ കൊണ്ടുവന്ന പൗരത്വബില്ല്‌ മനുഷ്യത്വ രഹിതവും ഭരണഘടന വിരുദ്ധവും ആണെന്ന്  കെ.എം.സി.സി. ബഹ്‌റൈൻ, പൗരത്വ ബില്ലിന് എതിരെ സംഘടിപ്പിച്ച ഐക്യദാർഢ്യസംഗമത്തിൽ പങ്കെടുത്തവർ ഏക സ്വരത്തിൽ അഭിപ്രായപ്പെട്ടു.

മനാമ ഗോൾഡ് സിറ്റിയിലെ കെ സിറ്റിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ബഹ്‌റൈനിലെ വിവിധ സാമൂഹിക സാംസ്കാരികരംഗത്തെ പ്രമുഖർ പങ്കെടുത്തു,  പ്രമുഖ പ്രഭാഷകനും മുസ്ലിം ലീഗ് നേതാവുമായ ഷാഫി ചാലിയം മുഖ്യ പ്രഭാഷണം നടത്തി.

ഇത്  വെറും ഒരുന്യൂന പക്ഷത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല ഇന്ത്യ എന്ന മഹത്തായ രാജ്യത്തിന്റെ  പൈതൃകത്തിനു നിരക്കാത്തതും, നാനാത്വത്തിൽ ഏകത്വമെന്ന നമ്മുടെ മഹത്തായ ആശയത്തെ ഇല്ലാതാക്കുന്നതും   ലോക രാജ്യങ്ങൾക്ക് മുമ്പിൽ ഇന്ത്യയെ ചെറുതാക്കാനുമുള്ളതാണെന്നും,  ഇന്നത്തെ ഭരണകൂടം നമ്മെ വല്ലാതൊരു അപകടകരമായ അവസ്ഥയിലേക്കാണ് നയിക്കുന്നത്,  നമ്മുടെ രാജ്യസ്നേഹം ചോദ്യം ചെയ്യുകയും പ്രക്ഷോഭങ്ങളിലേക്കു തള്ളിവിടുകയും ചെയ്യുന്നു, ഇന്ത്യാ രാജ്യത്തെ ഭരണപരാജയവും സാമ്പത്തിക പ്രതിസന്ധിയും, മറ്റു നിരവധി പ്രശ്ങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള മാർഗ്ഗമായിട്ടാണ് ആസൂത്രിതമായി ഈ പ്രശ്നത്തെ  ഇപ്പോൾ ഭരണകൂടം കൊണ്ടുവന്നിരിക്കുന്നത്, കലാലയങ്ങളിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിനു നേരെ അധികാരി വർഗ്ഗത്തിന് കണ്ണടയ്ക്കാൻ സാധിക്കുകയില്ല, അത് കൊണ്ട്‌ തന്നെയാണ്  ജനാധിപത്യ പരമായ പ്രക്ഷോഭങ്ങൾ ക്കെതിരെ ഭരണകൂടഭീകരത വ്യാപകമായി നടക്കുന്നതെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു, ഈ വിവേചനത്തിന്നെതിരെ മത രാക്ഷ്ട്രീയ ഭേദമെന്യേ പോരാടെണ്ടുന്ന സമയമാണിതെന്നും ആവശ്യപ്പെട്ടു.

കെ. എം. സി. സി. പ്രസിഡന്റ് എസ്. വി. ജലീൽ അധ്യക്ഷനായിരുന്ന ചടങ്ങിൽ ബഹ്‌റൈനിലെ വിവിധ സംഘടനാ പ്രതിനിധികളായ, ബിനു കുന്നന്താനം, വർഗീസ് കാരക്കൽ, എബ്രഹാം ജോൺ , ജമാൽ നദ്‌വി, ഷെമിലി പി. ജോൺ, ജനാർദ്ദനൻ , കെ. സി. ഫിലിപ്പ്, ജലീൽ മാധ്യമം, ചെമ്പൻ ജലാൽ, ഇബ്രാഹീം അദ്ഹം, കുട്ടുസ മുണ്ടേരി, സി.കെ. അബ്ദുൽ റഹ്‌മാൻ എന്നിവർ സംസാരിച്ചു, കെ. എം. സി. സി. ആക്ടിങ് ജനറൽ സെക്രട്ടറി കെ. പി. മുസ്തഫ സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി ശംസുദ്ധീൻ വെള്ളിക്കുളങ്ങര നന്ദി യും പറഞ്ഞു.

കെ. എം. സി. സി. സംസ്ഥാന ഭാരവാഹികളായ പി വി സിദ്ധീഖ്, ഗഫൂർ കൈപ്പമംഗലം, ഷാഫിപാറക്കട്ട , ടി. പി. മുഹമ്മദലി , കെ. കെ. സി. മുനീർ , മൊയ്‌ദീൻ കുട്ടി എന്നിവർ നേതൃത്വം നൽകി.