നേത്ര ചികിത്സയ്ക്കെത്തിയ യുവതിയെ ചുംബിച്ച കേസില്‍ ഇന്ത്യക്കാരന് ദുബായ് കോടതി ശിക്ഷ വിധിച്ചു

ദുബായ്: നേത്ര പരിശോധനയ്ക്കായെത്തിയ യുവതിയെ കടന്നുപിടിച്ച് ചുംബിച്ച കേസില്‍ ഇന്ത്യക്കാരന് ദുബായ് കോടതി ശിക്ഷ വിധിച്ചു. ദുബായില്‍ ഒപ്റ്റിക്കല്‍ ഷോപ്പ് ജീവനക്കാരനായ 26കാരന് മൂന്ന് മാസത്തെ ജയില്‍ ശിക്ഷയാണ് ദുബായ് പ്രാഥമിക കോടതി വിധിച്ചത്. കടയിലെത്തിയ ഉപഭോക്താവിനെ ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

ദുബായില്‍ റിയല്‍ എസ്റ്റേറ്റ് ഓഫീസറായി ജോലി ചെയ്യുന്ന 31കാരിയാണ് പരാതി നല്‍കിയത്. ഫിലിപ്പൈന്‍ സ്വദേശിയായ ഇവരെ പ്രതിയായ ഇന്ത്യക്കാരന്‍ കടയ്ക്കുള്ളില്‍ പിടിച്ചുവെച്ച് ചുംബിച്ചുവെന്നാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നത്. മൂന്ന് മാസത്തെ ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഒരു ഷോപ്പിങ് സെന്ററില്‍ വെച്ച് രാത്രി 10 മണിയോടെയായിരുന്നു സംഭവമെന്ന് പരാതിക്കാരി പറ‍ഞ്ഞു. ഡ്രൈവിങ് പഠിക്കാനായി താന്‍ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നിരുന്നു. ഇവരാണ് അടുത്തുള്ള ഒപ്റ്റിക്കല്‍ ഷോപ്പില്‍ പോയി കണ്ണ് പരിശോധിച്ച് റിപ്പോര്‍ട്ട് വാങ്ങാന്‍ പറഞ്ഞത്. ഇതനുസരിച്ച് ഷോപ്പിലെത്തിയ തന്നെ പ്രതി ഒരു റൂമിലേക്ക് കൊണ്ടുപോയി. കാഴ്ച പരിശോധിക്കുന്നതിനിടെ ഇയാള്‍ സ്വകാര്യ വിവരങ്ങള്‍ അന്വേഷിക്കുകയായിരുന്നു. എവിടെയാണ് താമസമെന്നും ബോയ്‍ഫ്രണ്ടുണ്ടോയെന്നും ചോദിച്ചു. പിന്നീട് തനിക്കൊപ്പം ഡിന്നറിന് പുറത്തുപോകാന്‍ വരണമെന്ന അഭ്യര്‍ത്ഥനയായി. അയാള്‍ക്കൊപ്പം നാട്ടില്‍ പോകണമെന്നും വിവാഹം കഴിക്കാമോയെന്നും അന്വേഷിച്ചതായും യുവതി പറഞ്ഞു.

പരിശോധനയ്ക്ക് ശേഷം തന്റെ മൊബൈല്‍ നമ്പര്‍ ചോദിച്ചു. റിപ്പോര്‍ട്ടില്‍ എഴുതായിരിക്കുമെന്ന് കരുതി നമ്പര്‍ കൊടുത്തപ്പോള്‍ തന്റെ മൊബൈല്‍ ഫോണില്‍ നിന്ന് വിളിച്ച്, നമ്പര്‍ ശരിയാണെന്ന് ഉറപ്പുവരുത്തുകയായിരുന്നു പ്രതി ചെയ്തത്. ഇതിന് ശേഷം മുറിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങാനൊരുങ്ങുന്നതിനിടെ ഇയാള്‍ കൈയില്‍ പിടിച്ചുവലിച്ച് മുറിയുടെ ഒരു മൂലയിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് യുവതിയെ ചുംബിക്കാന്‍ ശ്രമിച്ചപ്പോഴേക്കും അവര്‍ പ്രതിയെ തള്ളിമാറ്റി. എന്നാല്‍ ഇത് വകവെയ്ക്കാതെ ഇയാള്‍ ചുംബിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.

പുറത്തിറങ്ങിയ ശേഷം ഇക്കാര്യം കടയിലെ കൗണ്ടറിലുണ്ടായിരുന്ന ക്യാഷ്യറോട് പറഞ്ഞു. പരിശോധനകന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ഒരു പേപ്പറില്‍ എഴുതി നല്‍കിയെങ്കിലും ക്യാഷ്യര്‍ അത് കീറിക്കളയുകയായിരുന്നു. തിരികെ ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിയ യുവതി അവിടുത്തെ ഓഫീസിലുണ്ടായിരുന്ന ജീവനക്കാരനോട് വിവരം പറഞ്ഞു. അയാള്‍ യുവതിയെയും കൂട്ടി തിരികെ ഷോപ്പിലേക്ക് വന്നു. അപ്പോഴേക്കും പ്രതി ഭക്ഷണം കഴിക്കാന്‍ പുറത്തുപോയിരുന്നു. ഇയാള്‍ തിരികെ വരുന്നതുവരെ അവിടെ കാത്തിരുന്നു.

പ്രതി തിരികെ ഷോപ്പിലെത്തിയപ്പോള്‍, ഡ്രൈവിങ് സ്കൂള്‍ ജീവനക്കാരന്‍ കാര്യം ചോദിക്കുകയും മാപ്പ് എഴുതി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ച് ഇയാള്‍ ഒരു പേപ്പറില്‍ മാപ്പ് എഴുതി നല്‍കുകയും പേപ്പറില്‍ കടയുടെ സീല്‍ പതിയ്ക്കുകയും ചെയ്തു. ഇവിടെ നിന്ന് പുറത്തിറങ്ങാന്‍ നേരവും പ്രതി പിന്നാലെ ചെന്ന് മാപ്പ് ചോദിച്ചുകൊണ്ടിരുന്നു.

തൊട്ടടുത്ത ദിവസം അല്‍ മുറഖബഃ പൊലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്‍കി. പ്രതി മാപ്പ് എഴുതി നല്‍കിയ പേപ്പറും പരാതിക്കൊപ്പം ഇവര്‍ പൊലീസിന് നല്‍കി. ഇത് പിന്നീട് കേസ് ഫയലിലും ഉള്‍പ്പെടുത്തി. ‘ഉപദ്രവിച്ചതിനും ഉപഭോക്താവിനെ ചുംബിക്കാന്‍ ശ്രമിച്ചതിനും മാപ്പ് ചോദിക്കുന്നുവെന്നായിരുന്നു’ പേപ്പറില്‍ എഴുതിയിരുന്നത്. കേസിലെ വിധിക്കെതിരെ പ്രതിക്ക് 15 ദിവസത്തിനകം അപ്പീല്‍ നല്‍കാനാവും