ഫിന്‍ല‍ന്‍ഡിന്‍റെ പ്രധാനമന്ത്രിയായി 34 വയസ്സുകാരി

24

ഹെല്‍സിങ്കി: 34ാം വയസില്‍ ഫിന്‍ല‍ന്‍ഡിന്‍റെ പ്രധാനമന്ത്രി പദത്തിലേറി സന്ന മരിന്‍. ഞായറാഴ്ചയാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധിയായ സന്നയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. നേരത്തെ ആരോഗ്യമന്ത്രിയായിരുന്നു സന്ന. വിശ്വാസവോട്ടില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് അന്‍റ്റി റിന്നെ പരാജയപ്പെട്ടതിനെ തുടര്‍ന്ന് രാജിവെച്ചതിനെ തുടര്‍ന്നാണ് സന്ന അധികാരത്തിലേറുന്നത്.

തന്നെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തതില്‍ നന്ദിയുണ്ടെന്ന് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കുമെന്നും സന്ന പറഞ്ഞു. എന്‍റെ വയസ്സോ ജെന്‍ഡറോ ഞാന്‍ കാര്യമാക്കുന്നില്ലെന്നും സന്ന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഉക്രെയിന്‍ പ്രധാനമന്ത്രി ഒലെക്സിയ് ഹൊന്‍ചരുകിന് പിന്നാലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായാണ് സന്ന അധികാരമേല്‍ക്കുന്നത്.

അധികാരത്തിലേറുമ്പോള്‍ ഒലെക്സിയ് ഹൊന്‍ചരുകിന് 35 വയസ്സായിരുന്നു പ്രായം. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പ്രധാനമന്ത്രിയും സന്ന മരിന്‍ തന്നെ.
ചൊവ്വാഴ്ച സന്ന മരിന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.