ആവശ്യപ്പെട്ട സീറ്റ് കിട്ടാത്ത യാത്രക്കാരി വിമാന ജീവനക്കാരെ വലച്ചു

15

ഫ്ലോറിഡ: വിമാനത്തില്‍ ആവശ്യപ്പെട്ട സീറ്റ് കിട്ടാത്തതിന്റെ പേരില്‍ രോഗം അഭിനയിച്ച യാത്രക്കാരി, വിമാന ജീവനക്കാരെ വലച്ചു. ഒടുവില്‍ വിമാനം അടിയന്തരമായി നിലത്തിറക്കി. യാത്രക്കാരിയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.

അമേരിക്കയിലെ ഫ്ലോറിഡയിലുള്ള പെന്‍സകോലയില്‍ നിന്ന് മിയാമിയിലേക്ക് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു സംഭവം. പുറപ്പെട്ട് ഒരു മണിക്കൂറിന് ശേഷം രാവിലെ 6.26ഓടെയാണ് വിമാനം തിരികെ ഇറക്കിയതെന്ന് വിമാനക്കമ്പനി അറിയിച്ചു. വിമാനം പുറപ്പെട്ട ഉടന്‍ തന്നെ തനിക്ക് മറ്റൊരു സീറ്റ് നല്‍കണമെന്ന് യാത്രക്കാരി ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വേറെ സീറ്റ് നല്‍കാനാവില്ലെന്ന് ജീവനക്കാര്‍ അറിയിച്ചതിന് പിന്നാലെ ഇവര്‍ ശാരീരിക അസ്വസ്ഥതകള്‍ അഭിനയിക്കാന്‍ തുടങ്ങി.

അസുഖമാണെന്ന് ജീവനക്കാരെ അറിയിച്ചതോടെ ഇക്കാര്യം ചൂണ്ടിക്കാട്ടി പൈലറ്റ് അടിയന്തര ലാന്റിങിന് അനുമതി തേടി. വിമാനം പെന്‍സകോലയില്‍ തിരിച്ചിറക്കുകയും ചെയ്തു. എന്നാല്‍ വിമാനം ലാന്റ് ചെയ്തതോടെ ഇവര്‍ക്ക് അസുഖമില്ലായിരുന്നെന്നും എല്ലാ അഭിനയമായിരുന്നെന്നും ജീവനക്കാര്‍ക്ക് മനസിലായി. തുടര്‍ന്ന് വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും എല്ലാ യാത്രക്കാരും പുറത്തിറങ്ങിയ ശേഷവും ഈ യാത്രക്കാരി മാത്രം വിമാനത്തില്‍ തന്നെ ഇരുന്നു. ഇതോടെ ജീവനക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായം തേടി.

പൊലീസ് വിമാനത്തിലെത്തി യാത്രക്കാരിയുമായി സംസാരിച്ച് ഇവരെ അനുനയിപ്പിച്ച് പുറത്തിറക്കി. വിമാനം 7.41നാണ് യാത്ര പുനരാരംഭിച്ചത്. രോഗം അഭിനയിച്ച യാത്രക്കാരിനെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇവരെ മാനസിക രോഗ പരിശോധനയ്ക്ക് വിധേയമാക്കി. യാത്രക്കാരിയുടെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് പുറത്തുവിട്ടില്ല.