പൗരത്വ നിയമ ഭേദഗതി മുസ്ലീങ്ങൾക്കെതിരെയുള്ള വിവേചനമാണെന്ന് ഐക്യരാഷ്ട്ര സഭ.

1

ജനീവ: പൗരത്വ നിയമ ഭേദഗതി മുസ്ലീങ്ങൾക്കെതിരെയുള്ള വിവേചനമാണെന്ന് ഐക്യരാഷ്ട്ര സഭ. യുഎന്നിന്റെ മനുഷ്യാവകാശ വിഭാഗമാണ് നിയമത്തിനെതിരെ രംഗത്തെത്തിയത്. പൗരത്വം നൽകുന്നതിൽ നിന്ന് മുസ്ലീങ്ങളെ ഒഴിവാക്കിയത് പുനർപരിശോധിക്കണമെന്നും യുഎൻ ആവശ്യപ്പെട്ടു. പൗരത്വ നിയമഭേദഗതിയിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. മുസ്ലീങ്ങൾക്കെതിരെയുള്ള വിവേചനമാണ് നിയമത്തിന്റെ അടിസ്ഥാന സ്വഭാവം-യുഎൻ മനുഷ്യാവകാശ വക്താവ് ജെറമി ലോറൻസ് ജനീവയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വിവേചനപരമായ പൗരത്വ നിയമ ഭേദഗതി സുപ്രീം കോടതി തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അന്താരാഷ്ട്ര മനുഷ്യാവാകാശ നയങ്ങള്ക്കനുസരിച്ച് ഇന്ത്യ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിനെതിരെ യുഎൻ രംഗത്തെത്തിയത് അന്താരാഷ്ട്ര തലത്തിൽ നരേന്ദ്ര മോദി സർക്കാറിന് തിരിച്ചടിയാണ്. നിയമം പാസാക്കിയതിനെ തുടർന്ന് കേന്ദ്രമന്ത്രി അമിത് ഷാക്ക് വിലക്കേർപ്പെടുത്തുമെന്നും യുഎസ് കമ്മീഷനും വ്യക്തമാക്കിയിരുന്നു.
അതേസമയം, നിയമത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭം കനക്കുകയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് പുറമെ, ദില്ലിയിൽ വിദ്യാർഥികൾ തെരുവിലിറങ്ങി. ഗുവാഹത്തിയില് ഇന്ത്യ-ജപ്പാന് ഉച്ചകോടിയിൽ നിന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ പിന്മാറി. ആഭ്യന്തര മന്ത്രി അമിത് ഷാ ഷില്ലോങ് യാത്ര മാറ്റിവെക്കുകയും ചെയ്തു.