സൗദിയിൽ മരം മുറിച്ച ഇന്ത്യക്കാർ അറസ്റ്റിൽ

വിറക് വില്‍പ്പനയ്ക്കായി മരംമുറിച്ച മൂന്ന് ഇന്ത്യക്കാര്‍ സൗദിയില്‍ അറസ്റ്റില്‍. ഖുന്‍ഫഉദക്ക് തെക്ക് ഹുലിയില്‍ മരംമുറിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഖുന്‍ഫുദ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ഓഫീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മരം മുറിക്കുന്ന ഇന്ത്യക്കാരെ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ സുരക്ഷാ വകുപ്പുകളെ വിവരമറിയിച്ചു.

ശൈത്യകാലമായതോടെ വിറകിന്‍റെ ആവശ്യം വര്‍ധിച്ചത് മുതലെടുത്ത് വിറകുണ്ടാക്കി വില്‍പ്പന നടത്തുന്നതിനായാണ് ഇവര്‍ മരം മുറിച്ചത്. പരിസ്ഥിതിക്ക് ദോഷകരമായ പ്രവൃത്തികള്‍ ചെയ്യുന്നവരെ കുറിച്ച് സൗദി പൗരന്മാരും വിദേശികളും വിവരം നല്‍കി സഹകരിക്കണമെന്ന് മക്ക പ്രവിശ്യ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖാ മേധാവി എഞ്ചിനീയര്‍ സഈദ് അല്‍ഗാംദി അറിയിച്ചു. സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്ത ഇന്ത്യക്കാര്‍ക്കെതിരെ കേസ് ശിക്ഷ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും.