കുവൈത്തിൽ ആറാമത് ഗൾഫ് പോപ്പുലർ ഹെറിറ്റേജ് ഫെസ്റ്റിവലിന് തുടക്കം

കുവൈത്ത് സിറ്റി: ആറാമത് ഗൾഫ് പോപ്പുലർ ഹെറിറ്റേജ് ഫെസ്റ്റിവലിന് കുവൈത്തിൽ തുടക്കമായി. സബാഹ് അൽ അഹ്മദ് ഹെറിറ്റേജ് വില്ലേജിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യത്തിൽ കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന്റെ പ്രത്യേക പ്രതിനിധി അമീരി ദിവാൻ മന്ത്രി ഷെയ്ഖ് അലി അൽ ജറാഹ് അൽ സബാഹ് ഉദ്ഘാടനം നിർവഹിച്ചു.

അമീരി ദിവാൻ മന്ത്രിയ്ക്കും മറ്റു പ്രമുഖർക്കും ഹെറിറ്റേജ് വില്ലജ് മേധാവി മുഹമ്മദ് ദൈഫലാഹ് ഷെരാരും മറ്റു ഉദ്യോഗസ്ഥരും ചേർന്ന് ഫെസ്റ്റിവലിനുള്ള ഒരുക്കങ്ങളും പരിപാടികളും വിശദീകരിച്ചു.

രാജ്യത്തിന്റെ അഭിമാനമായ ഫെസ്റ്റിവലിൽ പാരമ്പര്യ സാംസ്കാരിക പൈതൃകം രേഖപ്പെടുത്തുന്ന ക്രമീകരണങ്ങളാണ് സജ്ജമാക്കിയിട്ടുള്ളതെന്നും, ആറാമത് വാർഷിക ആഘോഷ പരിപാടികളിൽ സംബന്ധിക്കാനായതിൽ അഭിമാനിക്കുന്നതായും മന്ത്രി പറഞ്ഞു.

ഫെസ്റ്റിവലിന് തയ്യാറാക്കിയിട്ടുള്ള വിലയേറിയ കലാരൂപങ്ങൾക്ക് നേതൃത്വം നൽകിയവരെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.