കുവൈറ്റ്‌ കെഎംസിസിയുടെ പ്രവർത്തനങ്ങളിൽ മുസ്ലിം ലീഗിന്റെ ഇടപെടൽ

86

കുവൈത്ത് സിറ്റി :കുവൈത്ത് കെ എം സി സി യുടെ പ്രവർത്തനങ്ങളിൽ ശക്തമായ ഇടപെടലുമായി മുസ്ലിം ലീഗ് നേതൃത്ത്വം.കെ എം സി സി നേതൃനിരയിലെ പോരിനെതിരെ അണികളിൽ നിന്നും വ്യാപകമായ പരാതികൾ ഉയർന്നതോടെയാണ് ലീഗ് സംസ്ഥാന നേതൃത്ത്വം ഇടപെട്ട് അനുരഞ്ജന നീക്കങ്ങൾ നടത്തിയത്. ഇതിന്റെ
ഭാഗമായി കെ.എം.സി.സി.യുടെ ഉപദേശക സമിതി ചെയർമാൻ ആയി നാസർ മഷ്ഹൂർ തങ്ങളെ നിയമിച്ചു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് ഹൈദരലി ഷിഹാബ് തങ്ങൾ ആണ് പുതിയ ഉപദേശക സമിതിക്ക് അംഗീകാരം നൽകിയത്.8 അംഗങ്ങൾ ഉൾപ്പെടുന്ന ഉപദേശക സമിതിയുടെ വൈസ് ചെയർമാനായി കെ.എം.സി.സി.യുടെ മുൻ പ്രസിഡന്റ് കെ.ടി.പി.അബ്ദുൽ റഹ്മാനെ തിരഞ്ഞെടുത്തു .കെ.എം.സി.സി. മുൻ പ്രസിഡന്റ് കുഞ്ഞമ്മദ് പേരാമ്പ്ര , മുൻ ജനറൽ സെക്രട്ടറി ബഷീർ ബാത്ത , ടി.ടി.സലീം , പി.വി.ഇബ്രാഹീം , സി.പി.അബ്ദുൽ അസീസ് , സൈനുദ്ദീൻ കടിഞ്ഞിമ്മൂല തുടങ്ങിയവരാണ് ഉപദേശക സമിതിയിലെ മറ്റ് അംഗങ്ങൾ. കുവൈത്ത് കെ.എം.സി.സി.യുടെ ഉപദേശക സമിതി ചെയർമ്മാൻ സ്ഥാനത്ത് നേരത്തെ പ്രവർത്തിച്ചിരുന്ന സയ്യിദ് നാസർ മഷ്ഹൂർ തങ്ങൾ പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്തുമായി ഉണ്ടായിരുന്ന അഭിപ്രായ ഭിന്നതയെ തുടർന്ന് തൽസ്ഥാനത്ത് നിന്നും സ്വമേധയാ വിട്ട് നിൽക്കുകയായിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ നടന്ന സംഘടനാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ ഷറഫുദ്ധീൻ കണ്ണേത്ത് വിഭാഗം, 8 അംഗ ഉപദേശക സമിതി അംഗങ്ങളുടെ പട്ടിക തയ്യാറാക്കി നേതൃത്വത്തിനു മുമ്പിൽ സമർപ്പിച്ചിരുന്നെങ്കിലും പൂർണമായ തോതിൽ അംഗീകാരം ലഭിച്ചില്ല
കെ .എം.സി.സി.പ്രസിഡന്റും ഷറഫുദ്ധീൻ വിഭാഗം നേതാവുമായ കെ.ടി.പി.അബ്ദുൽ റഹ്മാനെയാണു പട്ടികയിൽ ചെയർമാൻ ആയി നിർദ്ദേശിച്ചത് . എന്നാൽ സംസ്ഥാന ലീഗ് നേതൃത്വം ഇതിനു കടകവിരുദ്ധമായി പാണക്കാട് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ മരുമകൻ കൂടിയായ നാസർ മഷ് ഹൂർ തങ്ങളെ ചെയർമാനാക്കണമെന്ന ഭേദഗതി നിർദേശിക്കുകയായിരുന്നു.ഇതിനു പുറമേ നാസർ മഷ് ഹൂർ തങ്ങളുടെ വിഭാഗത്തിൽ നിന്നുള്ള മറ്റു മൂന്നു പേരെ ഉൾപ്പെടുത്തുകയും ഷറഫുദ്ദീൻ വിഭാഗത്തിലെ കെ.ടി.പി.അബ്ദുൽ റഹ്മാനു വൈസ് ചെയർമ്മാൻ സ്ഥാനം നൽകിയുമാണു സംസ്ഥാന ലീഗ് നേതൃത്വം അനുരഞ്ജന നീക്കങ്ങൾ നടത്തിയത്.ലീഗ് സംസ്ഥാന നേതൃത്തത്തിന്റെ അനുവാദമില്ലാതെ കെ.എം.സി.സി. തൃക്കരിപ്പൂർ മണ്ഠലം കമ്മിറ്റിയെ പിരിച്ചു വിട്ട് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച കാസർഗ്ഗോഡ് ജില്ലാ കെ.എം.സി.സി.യുടെ തീരുമാനത്തിനും ലീഗ് നേതൃത്വം അംഗീകരം നൽകിയില്ല .
പുതിയ ഉപദേശക സമിതിയെ നിയോഗിച്ചു കൊണ്ടുള്ള നേതൃതത്തിന്റെ നടപടി അണികൾക്കിടയിൽ പരക്കെ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്.മുൻകാലങ്ങളിൽ കുവൈത്തിലെ സാമൂഹിക സാംസ്കാരിക സേവന രംഗത്തെ കെ എം സി സിയുടെ ഇടപെടലുകൾക്ക് വലിയ ശ്രദ്ധ ലഭിച്ചിരുന്നെങ്കിലും പിന്നീടുണ്ടായ നേതൃനിരയിലെ പോരുകൾ ഇതിന് മങ്ങലേൽപ്പിച്ചിരുന്നു…
പുതിയ ഉപദേശക സമിതിയുടെ വരവ് കുവൈത്ത് കെ എം സി സിയുടെ പഴയ പ്രതാപ കാലത്തേക്ക് സംഘടനയെ നയിക്കുമെന്നാണ് അണികൾ പ്രതീക്ഷിക്കുന്നത്..