കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ മന്ത്രി സഭ അധികാരത്തിൽ വന്നു. ഷൈഖ് ജാബർ അൽ മുബാറക്ക് അൽ സബാഹി ന്റെ നേതൃത്വത്തിലുള്ള 15 അംഗ മന്ത്രിസഭയാണ് ഇന്ന് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മൂന്നു വനിതകളെയും രാജ കുടുംബത്തിൽ നിന്നുള്ള 2 പുതുമുഖങ്ങളെയും ഉൾപ്പെടുത്തിയാണു മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്.
കുവൈത്തിൽ നിലവിലെ പാർലമെന്റ് വന്നതിനു ശേഷമുള്ള മൂന്നാമത്തെ മന്ത്രിസഭയാണ് ഇന്ന് അധികാരമേറ്റത്. ചരിത്രത്തിൽ ആദ്യമായി കുവൈത്ത് ആഭ്യന്തര മന്ത്രിയുടെ ചുമതല രാജ കുടുംബത്തിനു പുറത്തു നിന്നുള്ളയാളാണ് എന്നത് പുതിയ മന്ത്രിസഭയുടെ പ്രത്യേകതയാണ്.
കാവൽ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയുടെ ചുമതല വഹിച്ചിരുന്ന അനസ് അൽ സാലിഹിനു തന്നെയാണു പുതിയ മന്ത്രിസഭയിലും ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതല നൽകിയിരിക്കുന്നത്.
വിവിധ ആരോപണങ്ങൾ നേരിട്ട മന്ത്രിമാരെ മാറ്റി നിർത്തിയാണു മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്. ഷൈഖ് അഹമദ് നാസർ മൻസൂർ അൽ സബാഹാണു പുതിയ പ്രതിരോധ വകുപ്പ് മന്ത്രി. ധനകാര്യ മന്ത്രാലയത്തിന്റെ താൽക്കാലിക ചുമതല വഹിച്ചിരുന്ന വനിതാ മന്ത്രിയായ മറിയം അഖീൽ തന്നെയാണ് പുതിയ ധനകാര്യ മന്ത്രി.
സ്വതന്ത്ര കുവൈത്തിന്റെ പ്രധാനമന്ത്രി പദവിയിൽ എത്തുന്ന എട്ടാമത്തെ വ്യക്തിയാണു ഷൈഖ് സബാഹ് അൽ ഖാലിദ് അൽസബാഹ്. പാർലമെന്റ് തെരഞ്ഞെടുപ്പിനു കേവലം പത്തു മാസം മാത്രം ബാക്കിയിരിക്കെയാണ് പുതിയ മന്ത്രിസഭ രൂപീകരിച്ചത്.