ഇനി 18 വയസ്സ് തികയാതെ സൗദിയിൽ വിവാഹം ചെയ്യാൻ കഴിയില്ല..

റിയാദ്: 18 വയസ് പൂർത്തിയാകുന്നതിന് മുമ്പുള്ള വിവാഹം സൗദി അറേബ്യ നിരോധിച്ചു. പ്രായപൂർത്തി വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായമായി 18 എന്ന് നിജപ്പെടുത്തിയും സൗദി നീതി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പ്രായപൂർത്തിയാകുന്നതിന് മുമ്പുള്ള വിവാഹം നിരോധിച്ച് നീതി മന്ത്രാലയവും സുപ്രീം ജുഡീഷ്യൽ കൗൺസിൽ ചെയർമാൻ ശൈഖ് ഡോ. വലീദ് അൽസമാനിയും രാജ്യത്തെ മുഴുവൻ കോടതികൾക്കും സർക്കുലർ അയച്ചു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ബാധകമാണ് ഈ നിയമം. വിവാഹം കഴിക്കുന്നതിനുള്ള അനുമതി തേടിയെത്തുന്ന എല്ലാ അപേക്ഷകളും ശിശു സംരക്ഷണ നിയമം കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിക്ക് കൈമാറണം.

പ്രായപൂർത്തിയായെന്ന് കോടതി ഉറപ്പുവരുത്തിയ രേഖയുടെ അടിസ്ഥാനത്തിൽ മാത്രമേ വിവാഹം നടത്താൻ പാടുള്ളൂ എന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. സൗദി ശിശു സംരക്ഷണ നിയമം 16ാം അനുഛേദത്തിലെ മൂന്നാം ഖണ്ഡികയിൽ 18 വയസിൽ താഴെയുള്ള വിവാഹത്തെ കുറിച്ച് വിവരിക്കുന്ന ഭാഗത്തെ അടിസ്ഥാനമാക്കിയാണ് നീതി മന്ത്രാലയം പുതിയ നിയമം രൂപപ്പെടുത്തിയത്.

നിയമലംഘനത്തിന് കടുത്ത ശിക്ഷയും നിഷ്കർഷിച്ചിട്ടുണ്ട്. സൗദി അറേബ്യയിൽ വിവാഹങ്ങൾ സാധുവാകാൻ കോടതിയാണ് അനുമതി നൽകേണ്ടത്. അതിന് വേണ്ടി അപേക്ഷ നൽകുമ്പോഴാണ് വിവാഹം കഴിക്കുന്നയാളുടെ പ്രായപൂർത്തി പരിശോധിക്കണമെന്ന് പുതിയ ഉത്തരവ് പറയുന്നത്. ശരീഅ നിയമങ്ങൾ ഏറ്റവും കണിശമായി നടപ്പാക്കുന്ന സൗദി അറേബ്യയിൽ ബാല വിവാഹം നിയമം മൂലം നിരോധിക്കുന്ന നടപടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.