റിയാദിൽ മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികൾ മരിച്ചു

9

റിയാദ്: മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികൾ  മരിച്ചു. റിയാദിലെ ഒരു ഫ്ലാറ്റിലായിരുന്നു സംഭവം. പൊട്ടിത്തെറിയെ തുടർന്നുണ്ടായ അഗ്നിബാധയിലാണ് ഈജിപ്ഷ്യൻ കുടുംബത്തിലെ രണ്ടു കുട്ടികൾ വെന്തുമരിച്ചത്. ഹന (11), സലീം (9) എന്നീ കുട്ടികളാണ് മരിച്ചത്.

മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ചാർജർ പൊട്ടിത്തെറിച്ചാണ് മുറിയിൽ തീപിടിച്ചത്. കഴിഞ്ഞ ദിവസം പകലായിരുന്നു സംഭവം. പിതാവ് ജോലിസ്ഥലത്തായിരുന്നു. താൻ ജോലിക്ക് പോകുമ്പോൾ മക്കൾ ഉറങ്ങിക്കിടക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പത്ത് മിനിറ്റിന് ശേഷം കെട്ടിട ഉടമ ഫോണിൽ വിളിച്ച് ഫ്ലാറ്റിൽ തീപിടിത്തമുണ്ടായതായി അറിയിക്കുകയായിരുന്നു. സിവിൽ ഡിഫൻസ് അഗ്നിശമന സേനയെത്തി തീയണച്ചപ്പോഴേക്കും കുഞ്ഞുങ്ങൾ മരണപ്പെട്ടിരുന്നു.