പൗരത്വ ഭേദഗതി ബില്ലിനെതിരെ നിയമ നടപടികളിലേക്ക് നീങ്ങാനൊരുങ്ങി മുസ്ലിംലീഗ്.

ന്യൂഡല്‍ഹി: മുസ്ലിം സമുദായത്തിനെതിരെ വിവേചന നിലപാട് വ്യവസ്ഥ ചെയ്യുന്ന വിവാദ പൗരത്വ ഭേദഗതി ബില്ലിനെതിരെ നിയമ നടപടികളിലേക്ക് നീങ്ങാനൊരുങ്ങി മുസ്ലിംലീഗ്. രാജ്യസഭയിലും ബില്ല് പാസ്സായാല്‍ നിയമത്തിന്റെ ഭരണഘടനാ സാധുതയെ തന്നെ പരമോന്നത കോടതിയില്‍ ചോദ്യം ചെയ്യാനാണ് മുസ്ലിം ലീഗ് ആലോചിക്കുന്നത്. മുസ്ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പികെ. കുഞ്ഞാലിക്കുട്ടി എംപിയുടെ നേതൃത്തത്തില്‍ ലീഗ് നേതാക്കളുടെ സംഘം ഇന്നലെ മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ കപില്‍ സിബലുമായി കൂടിക്കാഴ്ച്ച നടത്തി. സുപ്രീംകോടതിയിലെ കപില്‍ സിബലിന്റെ ഓഫിസില്‍ നേതാക്കള്‍ നേരിട്ടെത്തിയാണ് കൂടിയാലോചന നടത്തിയത്. ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളെ ലംഘിക്കുന്നതാണ് ബില്ലന്ന് പരക്കെ വിമര്‍ശനമുയര്‍ന്നിരുന്നു. ഭരണകക്ഷിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള ലോക്‌സഭയിലും പ്രതിപക്ഷം ബില്ലിനെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു. കപില്‍ സിബലുമായുള്ള ചര്‍ച്ചയില്‍ എംപിമാരായ ഇടി മുഹമ്മദ് ബഷീര്‍, പിവി അബ്ദുള്‍ വഹാബ്, നവാസ്‌കനി, മുസ്ലിംലീഗ് ദേശിയ സിക്രട്ടറി ഖുറംഅനീസ് ഉമര്‍, സുപ്രീം കോടതി അഭിഭാഷകന്‍ അഡ്വ.ഹാരിസ് ബീരാന്‍ എന്നിവര്‍ പങ്കെടുത്തു