അബുദാബി: ദേശീയ ദിനാഘോഷങ്ങള്‍ക്കിടെ യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചതിന് പിന്നാലെ കാറുകളിലൊന്ന് ബനി യാസ് പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. റോഡില്‍ പെട്ടെന്ന് ലേന്‍ മാറിയതാണ് അപകട കാരണമായതെന്ന് അബുദാബി പൊലീസ് അറിയിച്ചു. സ്വദേശി പൗരന് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ അല്‍ മഫ്റഖ്, അല്‍ റഹ്ബ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
അപ്രതീക്ഷിതമായി വാഹനം റോഡിലെ ലേന്‍ മാറിയതാണ് അപകടത്തില്‍ കലാശിച്ചതെന്ന് അബുദാബി എക്സ്റ്റേണല്‍ ട്രാഫിക് പൊലീസ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് അല്‍ ശിഹി പറഞ്ഞു. തുടര്‍ന്ന് നിയന്ത്രണംവിട്ട കാര്‍ പാലത്തിലെ ഷോള്ഡറില് നിന്ന് താഴേക്ക് വീഴുകയായിരുന്നു. സംഭവം നടന്നയുടന്‍ പൊലീസ് പട്രോള്‍, ആംബുലന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ നല്കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി.
അപകടമൊഴിവാക്കാനായി വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിത അകലം പാലിക്കണമെന്നും ശ്രദ്ധാപൂര്‍വം വാഹനങ്ങള്‍ ഓടിക്കണമെന്നും അബുദാബി പൊലീസ് മുന്നറിയിപ്പ് നല്കി. ദേശീയ ദിനങ്ങളുടെ ആഘോഷത്തിനിടയിലും റോഡ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. അശ്രദ്ധമായും അമിത വേഗത്തിലുമുള്ള ഡ്രൈവിങ്, വാഹനങ്ങള്‍ ഓടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവ കര്‍ശനമായി നിയന്ത്രിക്കണമെന്നും പൊലീസ് അറിയിച്ചു.