തൃശ്ശൂർ സ്വദേശി സൗദിയിൽ ഉറക്കത്തിനിടെ മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ മലയാളി ഉറക്കത്തിൽ മരിച്ചു. തൃശ്ശൂർ കൊടുങ്ങല്ലൂർ എസ്.എൻ പുരം ആമണ്ടൂർ സ്വദേശി തൈപ്പറമ്പിൽ ഹൗസിൽ ഹുസൈൻ (53) ആണ് ബുധനാഴ്ച രാവിലെ റിയാദ് അഖീഖിലെ താമസ സ്ഥലത്ത് മരിച്ചത്. രാവിലെ ഏഴ് മണി കഴിഞ്ഞിട്ടും ഉറക്കത്തിൽ നിന്നെഴുന്നേൽക്കാഞ്ഞതിനെ തുടർന്ന് സുഹൃത്തുക്കൾ വന്ന് നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നതായി കണ്ടത്.

മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിൽ കൊണ്ടുപോകും. 15 വർഷമായി റിയാദിലുള്ള ഇദ്ദേഹം ഒരു റസ്റ്റോറന്റിൽ ജീവനക്കാരനാണ്. കഴിഞ്ഞ വർഷം ഡിസംബറിലാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. ഭാര്യ: വാഹിദ. മക്കൾ: അജ്മൽ, റുഖ്സാന, റസ്മിയ. സഹോദരങ്ങൾ: ശംസുദ്ദീൻ, അയൂബ് (ദമ്മാം), അഷ്റഫ്.