തൃശൂർ സ്വദേശി നാട്ടിൽ നിന്നെത്തി അഞ്ചാം നാൾ സൗദിയിൽ മരിച്ചു

റിയാദ്: നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തി അഞ്ചാം ദിവസം മലയാളി സൗദി അറേബ്യയിൽ മരിച്ചു. അൽഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപം ബദായയിൽ വച്ച് തൃശ്ശൂർ സ്വദേശിയായ രാധാകൃഷ്ണനാണ് (55) മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് വ്യാഴാഴ്ച രാധാകൃഷ്ണനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൂന്നര പതിറ്റാണ്ടായി സൗദിയിൽ പ്രവാസിയായിരുന്നു ഇദ്ദേഹം. വെൽഡറായാണ് ജോലി ചെയ്തിരുന്നത്. നാട്ടിൽ അവധിക്ക് പോയി തിരിച്ചു വന്ന് അഞ്ച് ദിവസമായപ്പോഴായിരുന്നു മരണമെത്തിയത്. മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലെത്തിക്കും. അമ്മ: പദ്മാവതിയമ്മ. ഭാര്യ: അജിത. മക്കൾ: അജയ് കൃഷ്ണ, ആര്യ കൃഷ്ണ. യാത്രാരേഖകൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗത്തിെന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.