നോർക്കയുടെ ഇടപെടൽ: വർക്കല സ്വദേശി 9 വർഷത്തെ ജയിൽ ജീവിതത്തിന് ശേഷം നാട്ടിലേയ്ക്ക്

നോർക്കയുടെ ഇടപെടലിനെ തുടർന്ന് കഴിഞ്ഞ ഒമ്പത് വർഷമായി ഒമാൻ ജയിലിൽ കഴിഞ്ഞിരുന്ന പ്രവാസി മലയാളിയെ നാട്ടിലെത്തിക്കും. വർക്കല മേൽ വെട്ടൂർ അമ്മൻനട കുന്നിൽ വീട്ടിൽ ഭുവനചന്ദ്രന്റേയും നിർമ്മലയുടേയും മകൻ ഷിജു ഭുവനചന്ദ്രൻ (39) ആണ് ഒമാനിലെ ജയിൽജിവിതത്തിന് ശേഷം നാളെ  (03.12.2019) നാട്ടിലെത്തുന്നത്. പ്രായമായ അച്ഛനും അമ്മയും ഭാര്യ ചടയമംഗലം സ്വദേശി ദീപയും ഷിജുവിന്റെ വരവും കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ലോക കേരളസഭയിലെ ഒമാനിലെ അംഗമായ തയ്യിൽ ഹബീബാണ് ഷിജുവിനെ നാട്ടിലെത്തിക്കുന്നതിന് നിമിത്തമായത്. ഷിജുവിന്റെ സഹോദരൻ ഷിബു നോർക്ക റൂട്ട്‌സിന് നൽകിയ നിവേദനത്തെ തുടർന്നാണ് അദ്ദേഹത്തെ ഒമാനിൽ നിന്നും നാട്ടിലെത്തിക്കുന്നതിനുള്ള അവസരമൊരുക്കിയത്.