ഡിസംബർ 31 വരെ 424ലധികം സർവീസുകൾ റദ്ദാക്കുന്നതായി ഒമാൻ എയർ.

മസ്കറ്റ്: യാത്രക്കാരുടെ സുരക്ഷയും ക്ഷേമവും കണക്കിലെടുത്ത് ഡിസംബർ 31 വരെ 424ലധികം സർവീസുകൾ റദ്ദാക്കുന്നതായി ഒമാൻ എയർ. ഒമാൻ സിവിൽ ഏവിയേഷൻ പബ്ലിക് അതോറിറ്റിയുടെ നിർദേശപ്രകാരമാണ് ഒമാൻ എയറിന്റെ ഈ നടപടി. യാത്രക്കാർക്ക് ബദൽ സംവിധാനം ക്രമീകരിക്കുമെന്ന് വിമാന കമ്പനി അധികൃതർ അറിയിച്ചു.
കാസബ്ലാങ്ക, മുംബൈ, കാഠ്മണ്ഡു, കറാച്ചി, മുംബൈ, ഏഥൻസ്, ജയ്പുർ, ദുബൈ, ബഹ്റൈൻ, റിയാദ്, നെയ്റോബി, ബാങ്കോക്, ജിദ്ദ, കൊളംബോ, ദമ്മാം, മോസ്കോ, തെഹ്റാൻ, കുവൈത്ത്, അമ്മാൻ, ബാംഗളൂരു, ദോഹ എന്നീ റൂട്ടുകളിലെ സർവീസുകളാണ് ഒമാൻ എയർ റദ്ദാക്കുന്നത്. ഡിസംബർ മുപ്പത്തിഒന്ന് വരെയുള്ള കാലയളവിൽ ഒമാൻ എയർ വിമാനങ്ങളിൽ യാത്രക്കായി ടിക്കറ്റു വാങ്ങിയ യാത്രക്കാർക്ക് ചെന്നുചേരേണ്ട സ്ഥലത്ത് എത്തിച്ചേരുവാനുള്ള ഇതരമാർഗം വിമാന കമ്പനി അധികൃതർ ഒരുക്കിയിട്ടുണ്ട്.
ഇതിനായി ഒമാൻ എയർ വിമാന കമ്പനിയുടെ കോൾ സെന്ററുമായി ബന്ധപ്പെടണമെന്ന് അധികൃതർ വ്യക്തമാക്കി. ഈ വർഷമാദ്യം മാർച്ച് 10ന് എതോപ്യയിൽ ബോയിങ് 737 മാക്സ് എട്ട് വിമാനം തകർന്ന് വീണ് 157 പേർ മരിച്ച സംഭവത്തിനു ശേഷമാണ് ഒമാൻ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ സർവീസുകൾ റദ്ദാക്കി ബദൽ സംവിധാനങ്ങൾ ഒരുക്കി വരുന്നത്. മാക്സ് എട്ട് നിരയിലെ അഞ്ച് വിമാനങ്ങളാണ് ഒമാൻ എയറിന് ഉണ്ടായിരുന്നത്. ഇതിനകം വിവിധ രാജ്യങ്ങളിലായി ഏകദേശം 400ഓളം ബോയിങ് 737 മാക്സ് എട്ട് വിമാനങ്ങൾ സർവീസുകളിൽ നിന്നും പിൻവലിച്ചതായിട്ടാണ് റിപ്പോർട്ടുകൾ.