ഒമാനിൽ ക്രിസ്ത്യൻ  ദേവാലയങ്ങളിൽ ആഘോഷങ്ങൾ ആരംഭിച്ചു

മസ്കറ്റ്: ഒമാനിലെ ക്രിസ്ത്യൻ  ദേവാലയങ്ങളിൽ  ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി. മസ്‌കറ്റിലെ പ്രവാസികൾക്കിടയിൽ വളരെ സജീവമായി  പ്രവർത്തിച്ചു വരുന്ന  പന്ത്രണ്ട്  ക്രിസ്ത്യൻ  സഭാ വിഭാഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു എക്യൂമിനിക്കൽ ക്രിസ്മസ്  കരോൾ  ആഘോഷങ്ങൾ സംഘടിപ്പിച്ചത്.

റൂവി സെന്റ് തോമസ് ദേവാലയത്തിൽ  ഒരുക്കിയിരുന്ന  കരോൾ സർവീസിൽ  ഗാല  ഹോളി സ്പിരിറ്റ്  ഇടവക വികാരി റവ. ഫാ. ജോർജ്ജ് വടകൂട്ട് ക്രിസമസ് സന്ദേശം നൽകി.  സാഹോദര്യത്തിന്റെയും ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും സന്ദേശം ആണ് എക്യൂമെനിക്കൽ കരോളിലൂടെ നാം പകർന്നു നൽകുന്നത് എന്ന് അദ്ദേഹം തന്‍റെ സന്ദേശത്തിൽ പറഞ്ഞു. ആഡംബരസമൃദ്ധമായ  ജീവിതം  മാത്രം ലക്ഷ്യമാക്കി ജീവിക്കുമ്പോൾ ,  കൈമോശം വരുന്ന ധാർമികതയും  സ്നേഹവും സൗഹാർദ്ദവും  തിരിച്ചറിയണമെന്നും  അദ്ദേഹം വിശ്വാസികളെ  ഓർമിപ്പിച്ചു.

മസ്‌കറ്റിലെ  എക്യൂമെനിക്കൽ കമ്മറ്റി പ്രസിഡണ്ട്  ഫാ. കെ.മാത്യു അധ്യക്ഷനായിരുന്ന ചടങ്ങിൽ ജനറൽ കൺവീനർ റവ.  ഫാ.എബി സക്കറിയ സ്വാഗതം ആശംസിച്ചു. എക്യൂമെനിക്കൽ സെക്രട്ടറി ശ്രീ. പ്രദീപ് വർഗീസ് നന്ദി പറഞ്ഞു. 1986  മുതൽ  എല്ലാ വർഷവും  എക്യൂമിനിക്കൽ  ക്രിസ്മസ്   കരോൾ  സർവീസ്  മസ്‌കറ്റിൽ  നടന്നു വരികയാണ്.