പ്രവാസി വനിത കാറിടിച്ചു മരിച്ചു.

ദുബായ്: റോഡ് മുറിച്ചുകടക്കുകയായിരുന്ന പ്രവാസി വനിത കാറിടിച്ചുമരിച്ചു. അപകടമുണ്ടാക്കിയ ശേഷം സ്ഥലത്തുനിന്ന് രക്ഷപെട്ട കാര്‍ ഡ്രൈവറെ മണിക്കൂറുകള്‍ക്ക് ശേഷം പൊലീസ് പിടികൂടി. അപകട സ്ഥലത്ത് ദൃക്സാക്ഷികളാരും ഇല്ലാതിരുന്നതും സ്ഥലത്ത് ക്യാമറകളില്ലാതിരുന്നതും മനസിലാക്കിയാണ് ഡ്രൈവര്‍ മുങ്ങിയത്.

ജുമൈറ 2ലായിരുന്നു സംഭവം. 50നോടടുത്ത് പ്രായമുള്ള സ്ത്രീ ഗുരുതരമായി പരിക്കേറ്റ നിലയില്‍ റോഡില്‍ കിടക്കുന്നുവെന്ന വിവരമാണ് ദുബായ് പൊലീസിന് ലഭിച്ചത്. ട്രാഫിക് പട്രോള്‍ സംഘവും പാരാമെഡിക്കല്‍ ജീവനക്കാരും സ്ഥലത്തെത്തി ഇവരെ റാഷിദ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കുകള്‍ ഗുരുതരമായതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

തൊട്ടടുത്തുള്ള അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. റോഡ് മുറിച്ച് കടക്കാന്‍ അനുമതിയില്ലാത്ത സ്ഥലത്തുകൂടി മുറിച്ചുകടക്കുന്നതിനിടെയാണ് സ്ത്രീയെ കാറിടിച്ചത്. വേഗതയില്‍ വന്ന കാറിടിച്ച് നിലത്തുവീണ ഇവര്‍ക്ക് റോഡരികിലെ നടപ്പാതയില്‍ തലയിടിച്ചാണ് ഗുരുതര പരിക്കേറ്റത്. അപകടമുണ്ടായ ഉടന്‍ ഇയാള്‍ തന്റെ നിസാന്‍ പട്രോള്‍ കാറുമായി സ്ഥലത്തുനിന്ന് രക്ഷപെട്ടു. കാറിന്റെ ഒരു ഭാഗം സംഭവസ്ഥലതത്ത് തകര്‍ന്നുവീണിരുന്നു.

കാര്‍ ഡ്രൈവറെ തിരിച്ചറിഞ്ഞ പൊലീസ് മണിക്കൂറുകള്‍ക്കം ഇയാളുടെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. അപകടത്തില്‍ കാറിന്റെ വലതുവശത്ത് തകരാറുകള്‍ സംഭവിച്ചിരുന്നു. കാര്‍ പിടിച്ചെടുത്ത് പരിശോധനകള്‍ക്കായി ഫോറന്‍സിക് ആന്റ് ക്രിമിനോളജി വകുപ്പിന് കൈമാറിയിട്ടുണ്ടെന്ന് ദുബായ് പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തുനിന്ന് ദൃക്സാക്ഷികളെയോ മറ്റ് തെളിവുകളോ പൊലീസിന് കണ്ടെത്താനായിട്ടില്ലെന്നും ക്യാമറകളിലൊന്നും കാറിന്റെ നമ്പര്‍ പ്ലേറ്റ് പതിഞ്ഞിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

നിയമങ്ങള്‍ പാലിച്ചുകൊണ്ട് ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. വാഹനം ഓടിക്കുമ്പോള്‍ റോഡിലായിരിക്കണം ശ്രദ്ധ. അപകടമുണ്ടായതാല്‍ ഒരിക്കലും ആ സ്ഥലത്തുനിന്ന് രക്ഷപെടാന്‍ ശ്രമിക്കരുതെന്നും പൊലീസ് അറിയിച്ചു.