ഇനി 24 മണിക്കൂർ പ്രവർത്തന സമയവുമായി സൗദിയിലെ വ്യാപാര സ്ഥാപനങ്ങൾ

റിയാദ്: സൗദിയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് 24 മണിക്കൂറും തുറന്നു പ്രവർത്തിക്കാനുള്ള അനുമതി നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയവുമായി ഏകോപനം നടത്തിയാണ് പുതിയ വ്യവസ്ഥകൾക്ക് രൂപം നൽകിയിട്ടുള്ളത്. 24 മണിക്കൂറും പ്രവർത്തിക്കുന്നതിനുള്ള ലൈസൻസിന് സ്ഥാപനങ്ങൾക്ക് നഗരസഭകളെയും ബലദിയകളെയും സമീപിക്കാവുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു. ലൈസൻസിന് പ്രത്യേക ഫീസ് ബാധകമാണ്. സ്ഥാപനങ്ങളുടെ വിസ്തീർണ്ണം, പ്രവർത്തന മേഖല, എന്നിവയുടെ അടിസ്ഥാനത്തിലാണ് ഫീസ് ഈടാക്കുക. 24 മണിക്കൂറും പ്രവർത്തിക്കുന്നതിന് സിസിടിവി സംവിധാനം നിർബന്ധമായും ഏർപ്പെടുത്തിയിരിക്കണം. പതിവ് തൊഴിൽ സമയത്തിൽ കൂടുതൽ നേരം തൊഴിലാളികൾ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട് വ്യവസ്ഥകളും പാലിച്ചിരിക്കണം. 24 മണിക്കൂറും പ്രവർത്തിക്കുന്നതിനുള്ള പ്രത്യേക ഫീസിൽനിന്ന് ഫാര്മസികൾ, ഓഡിറ്റോറിയങ്ങൾ മെഡിക്കൽ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പെട്രോൾ ബങ്കുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ ഫർണിഷ്ഡ് അപ്പാർട്ട്മെൻറ്കൾ തുടങ്ങിയവയെ ഒഴിവാക്കിയിട്ടുണ്ട്.