സൗദി അറേബ്യയിൽ സൽമാൻ രാജാവിന്‍റെ സ്ഥാനാരോഹണ വാർഷികാഘോഷം

റിയാദ്: സൽമാൻ രാജാവിന്‍റെ സ്ഥാനാരോഹണ വാർഷികം ആഘോഷിച്ച് സൗദി അറേബ്യ. രാജ്യഭരമേറ്റതിന്‍റെ അഞ്ചാം വാർഷികം ശനിയാഴ്ച രാജ്യം പ്രൗഡോജ്വലമായി കൊണ്ടാടി. അബ്ദുല്ല രാജാവിന്‍റെ മരണത്തെ തുടർന്ന് അഞ്ച് വർഷം മുമ്പാണ്, അന്ന് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ സൽമാൻ രാജാവ് അധികാരമേറ്റത്.

ജനക്ഷേമം മുൻനിര്‍ത്തിയും രാജ്യവികസന ലക്ഷ്യത്തിലൂന്നിയും അഞ്ച് സംവത്സരങ്ങൾ പിന്നിട്ട ശക്തമായ നേതൃത്വം രാജ്യത്തെങ്ങും വികസനം എത്തിച്ചെന്നും രാജ്യവാസികളുടെ ജീവിതം അഭിവൃദ്ധിപ്പെടുത്തിയെന്നും രാജാവിന് ആശംസയും നന്ദിയും അർപ്പിച്ച് സമൂഹത്തിന്‍റെ നാനാതുറകളിൽ നിന്ന് പ്രവഹിച്ച അനുമോദന സന്ദേശങ്ങൾ അഭിപ്രായപ്പെട്ടു.

സാമ്പത്തിക, വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക, ഗതാഗത, ആശയവിനിമയ, വ്യവസായ, വൈദ്യുതി, ജലം, കാർഷികം ഉൾപ്പെടെ നിഖില മേഖലകളിലും നടപ്പാക്കിയ ബൃഹദ് പദ്ധതികൾ ലോകത്തെ ഒന്നാംനിര രാജ്യങ്ങളുടെ മുന്നിലെത്താൻ സൗദി അറേബ്യയെ പ്രാപ്തമാക്കിയെന്നും പൊതുസമൂഹം വിലയിരുത്തി.

കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, ശൂറ കൗൺസിൽ ചെയർമാൻ ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ ഇബ്രാഹം അൽശൈഖ്, ഇരുഹറം മേധാവി ഡോ. ശൈഖ് അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽസുദൈസ് എന്നിവരും വിവിധ വകുപ്പ് മന്ത്രിമാരും പ്രവിശ്യകളുടെയും വിവിധ സ്ഥാപനങ്ങളുടെയും ഗവർണർമാരും സേനാധിപന്മാരും വിവിധ വകുപ്പ് മേധാവിയുമാരും ഉന്നതോദ്യോഗസ്ഥരും രാജാവിന് ആശംസകൾ നേർന്നു.

അഞ്ചുവർഷം മുമ്പ് ഭരണാധികാരിയായി പ്രതിജ്ഞ ചെയ്യുേമ്പാൾ കിരീടാവകാശിയും ഉപപ്രധാന മന്ത്രിയുമായിരുന്നു സൽമാൻ രാജാവ്. 2012 ജൂൺ 18നായിരുന്നു കിരീടാവകാശിയായി നിയമതിനായത്. രണ്ടര വർഷം കഴിഞ്ഞപ്പോഴായിരുന്നു രാജാവായി സ്ഥാനാരോഹണം. 2011 നവംബർ അഞ്ച് മുതൽ പ്രതിരോധ മന്ത്രി പദവിയും വഹിച്ചിരുന്നു. അതിന് മുമ്പ് തുടർച്ചയായി 50 വർഷം റിയാദ് പ്രവിശ്യയുടെ ഗവർണറായിരുന്നു.