വിദേശികൾ സൗദിയിൽ നിന്ന് നാട്ടിലേക്ക് അയച്ച പണത്തിൽ ഈ വർഷം 10 ശതമാനത്തിന്‍റെ കുറവ്

6

റിയാദ്: സൗദിയിൽ നിന്ന് വിദേശികളയച്ച പണത്തിൽ ഈ വർഷം പത്തു ശതമാനത്തിന്‍റെ കുറവ്. തൊഴിൽ വിപണിയിലെ പരിഷ്‌കരണത്തിന്‍റെ ഫലമായും സ്വദേശിവത്ക്കരണത്തിന്‍റെ ഭാഗമായി വിദേശികളുടെ തൊഴിൽ നഷ്ടപ്പെടുന്നതുമാണ് ഈ വർഷം വിദേശികളയക്കുന്ന പണത്തിൽ കുറവ് വരാൻ കാരണമെന്നാണ് സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഈ വർഷം ജനുവരി ഒന്ന് മുതൽ ഒക്ടോബർ 31 വരെ വിദേശികൾ സ്വന്തം നാടുകളിലേക്ക് നിയമാനുസൃതം അയച്ച പണത്തിലാണ് 9.7 ശതമാനം കുറവുണ്ടായതായി സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റിയുടെ കണക്കുകൾ പറയുന്നത്. ഈ കാലയളവിൽ വിദേശികളയച്ചത് 10,405 കോടി റിയാലാണ്. ഒക്ടോബറിൽ മാത്രം വിദേശികളയച്ച പണത്തിൽ 5.8 ശതമാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഒക്ടോബറിനെ അപേക്ഷിച്ച് ഈവർഷം ഒക്ടോബറിൽ വിദേശികളയച്ച പണത്തിൽ 68.4 കോടി റിയാലിന്‍റെ കുറവാണുള്ളത്.

ഒൻപതു വർഷത്തിനിടെ വിദേശികൾ ഏറ്റവും കുറച്ചു പണം അയച്ചത് കഴിഞ്ഞ വർഷമായിരുന്നു. 13,640 കോടി റിയാലാണ് 2018 ൽ വിദേശിലേക്കയച്ചത്. അതേസമയം വിദേശികൾ ഏറ്റവും കൂടുതൽ പണമയച്ചത് 2015 ലാണ്. 15,686 കോടി റിയാലാണ് 2015 ൽ വിദേശികളയച്ചത്.