സൗദിയിൽ വിദേശ മോഡലിനെ ചുംബിക്കുന്ന വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ നടപടി.

റിയാദ്: വിദേശിയായ മോഡലിനെ ചുംബിക്കുന്ന വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ നടപടി. ഇസ്ലാമിക മൂല്യങ്ങള്‍ക്കും പൊതുസംസ്കാരത്തിനും അപകീര്‍ത്തിയുണ്ടാക്കിയ ഇയാളെ അറസ്റ്റ് ചെയ്യാന്‍ സൗദി ഉത്തര അതിര്‍ത്തി പ്രവിശ്യാ ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ഖാലിദ് ബിന്‍ സുല്‍ത്താന്‍ രാജകുമാരനാണ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയത്.

ഉത്തര അതിര്‍ത്തി പ്രവിശ്യയിലെ തുറൈഫ് നിവാസിയായ യുവാവാണ് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചത്. വിദേശിയായ മോഡലിന്റെ കൈയില്‍ സൗദി പൗരന്‍ ചുംബിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. റിയാദില്‍ വെച്ചാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്നും ജോര്‍ദാന്‍ പൗരയായ ആലാ എന്ന മോഡലാണ് യുവാവിനൊപ്പമുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോക്കെതിരെ സൗദിയില്‍ പൊതുസമൂഹത്തില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു.

ഇസ്ലാമിക മൂല്യങ്ങള്‍ക്ക് അപകീര്‍ത്തിയുണ്ടാക്കുകയും പൊതുസംസ്കാരം പരസ്യമായി ലംഘിക്കുകയും അതിനെ പരിഹസിക്കുകയും ചെയ്യുന്നതാണ് വീഡിയോയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താനും അറസ്റ്റ് ചെയ്ത് പ്രതിക്കെതിരെ നിയമാനുസൃതമായ നടപടിയെടുക്കാനും പ്രവിശ്യാ ഗവര്‍ണര്‍ ഉത്തരവിട്ടത്. വീഡിയോയിലുള്ള യുവതിക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ പബ്ലിക് പ്രോസിക്യൂഷനും ഉത്തരവിട്ടിട്ടുണ്ട്.