സ്കൂളില്‍ ഓട്ടമത്സരത്തിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ പ്രിന്‍സ് ഖാലിദ് ബിന്‍ ഫഹദ് ഇന്റര്‍മീഡിയറ്റ് സ്കൂളില്‍ ഓട്ടമത്സരത്തിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. കഴിഞ്ഞദിവസം രാവിലെയായിരുന്നു സംഭവം. സ്കൂള്‍ മുറ്റത്ത് നടന്ന മത്സരത്തിനിടെ 15 വയസുകാരന്‍ കുഴഞ്ഞുവീഴുകയും ഉടന്‍ തന്നെ മരണം സംഭവിക്കുകയുമായിരുന്നു.

സ്കൂള്‍ അധികൃതര്‍ സൗദി റെഡ് ക്രസന്റിന്റെ സഹായം തേടിയെങ്കിലും, മെഡിക്കല്‍ സംഘം എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും ഉള്‍പ്പെടുത്തി പ്രത്യേക കമ്മിറ്റി രൂപീകരിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.