ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അറബ് ലോകത്തെ ഏറ്റവും പ്രമുഖനായ നേതാവായി തെരഞ്ഞെടുത്തു

മോസ്‌കോ: അബുദാബിയിലെ കിരീടാവകാശിയും യുഎഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്ററുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അറബ് ലോകത്തെ ഏറ്റവും പ്രമുഖനായ നേതാവായി തെരഞ്ഞെടുത്തു. റഷ്യ ടുഡേ ടി വി 2019 ൽ നടത്തിയ വോട്ടെടുപ്പിൽ 14 മില്യൺ പേർ പങ്കെടുത്തു. അതിൽ 9.74 മില്യൺ പേർ ഷെയ്‌ഖിന് വോട്ട് രേഖപ്പെടുത്തി. മൊത്തം വോട്ടുകളുടെ 68.9 ശതമാനവും അദ്ദേഹത്തിന് ലഭിച്ചു.

സഹിഷ്ണുതയുടെ സംസ്കാരം ലോകത്തിൽ വ്യാപിപ്പിക്കുകയും നിരവധി പ്രതിസന്ധികളെ ലഘൂകരിക്കുകയും ചെയ്യുന്ന സ്വഭാവമാണ് അദ്ദേഹത്തിന് പ്രാമുഖ്യം നേടിക്കൊടുത്തത്. ലോക സമാധാനം കൈവരിക്കുന്നതിനും രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കുന്നതിനും മനുഷ്യരെ സംരക്ഷിക്കുന്നതിനുമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.