പൊതു മര്യാദ ലംഘിച്ച 113 പേർ മക്കയിൽ അറസ്റ്റിൽ

മക്ക: മക്ക പ്രവിശ്യയിൽ രണ്ടാഴ്ചയ്ക്കിടെ പൊതു മര്യാദകൾ ലംഘിച്ച 113 പേരെ പോലീസ് അറസ്റ്റ് ചെയ്തു.112 പുരുഷന്മാരും ഒരു സ്ത്രീയുമാണ് പിടിയിലായത്. വയോജനങ്ങൾക്കും വികലാംഗർക്കും നീക്കിവെച്ച സീറ്റുകളിൽ ഇരിക്കുക, അനുമതി കൂടാതെ വ്യക്തികളുടെ ഫോട്ടോ എടുക്കുക തുടങ്ങിയ നിയമലംഘനങ്ങൾകാണ് ഇവരെ പിടികൂടിയതെന്ന് മക്ക പ്രവിശ്യ പോലീസ് വക്താവ് മുഹമ്മദ് അൽഗംദി അറിയിച്ചു.

ജനവാസകേന്ദ്രങ്ങളിൽ ഉച്ചത്തിൽ സംഗീതം വയ്ക്കുക, ബാങ്ക് വിളിക്കും ഇഖാമത്തിനും ഇടയിൽ സംഗീതം വെക്കുക, മാലിന്യങ്ങൾ പൊതുസ്ഥലത്ത് നിക്ഷേപിക്കുക, പൊതുവിടങ്ങളിൽ തുപ്പുക, സംവരണ സീറ്റുകളിൽ ഇരിക്കുക, ബാരിക്കേഡുകൾ മുറിച്ചു കടക്കുക, അശ്ലീല ഫോട്ടോകളും വാചകങ്ങളും ഉള്ള വസ്ത്രം ധരിക്കുക, പൊതുസ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിക്കുക, സഭ്യമല്ലാത്ത ഭാഷ ഉപയോഗിക്കുക മുതലായവയെല്ലാം ശിക്ഷ ലഭിക്കുന്ന നിയമലംഘനങ്ങളാണെന്ന് പൊതു മര്യാദ നിയമാവലിയിൽ പറയുന്നു.